കിഫ്ബി: ജില്ലയ്ക്ക് 2000 കോടിയുടെ തീരസംരക്ഷണ പദ്ധതി അനിവാര്യമെന്ന്
ആലപ്പുഴ: ജില്ലയുടെ തീരസംരക്ഷണത്തിനായി കിഫ്ബിയില്‍ 2000 കോടിരൂപയുടെ സമഗ്ര പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നു കെ.സി വേണുഗോപാല്‍ എം.പി ധനകാര്യമന്ത്രിയോടാവശ്യപ്പെട്ടു.
റോഡുകളും പാലങ്ങളൂം കെട്ടിടങ്ങളും ഉള്‍പ്പെടെ വിവിധങ്ങളായ അവശ്യ പദ്ധതികള്‍ക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 25000 കോടി രൂപ കിഫ്ബിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണു കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ തീരദേശ ജനത ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന കടലാക്രമണത്തിനു പരിഹാരം കാണാന്‍ നയാ പൈസപോലും ബജറ്റില്‍ വകയിരുത്തിയില്ല.
കേരളത്തിന്റെ പടിഞ്ഞാറന്‍ തീരമേഖലയാകെ കടലാക്രമണത്താല്‍ ദുരിതമനുഭവിക്കുന്നു. ആലപ്പുഴ ജില്ലയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍ തീരപ്രദേശമാകെ വര്‍ഷം മുഴുവന്‍ കടല്‍ കയറി ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതയ്ക്കുന്ന സാഹചര്യം നേരിട്ടറിയാവുന്ന ധനമന്ത്രി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനം ദുരൂഹമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തീര സംരക്ഷണത്തിനായി ഏറ്റവും അധികം പദ്ധതികള്‍ നടപ്പിലാക്കിയത്.
പുലിമുട്ടുകളും കടല്‍ ഭിത്തിയും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ സര്‍ക്കാരും നബാര്‍ഡിന്റെ സഹായത്തോടെയും നടപ്പിലാക്കി. ഈബജറ്റിന് മുന്‍പായി ഇക്കാര്യത്തില്‍ അനുകൂല പ്രഖ്യാപനം ഉണ്ടാകണമെന്നാവശ്യപ്പെട്ടു കത്ത് നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. പല വന്‍കിട പദ്ദതികള്‍ പ്രഖ്യാപിച്ചിട്ടും കടല്‍ ഭിത്തി നിര്‍മിക്കാന്‍ പണം നീക്കി വെക്കാത്ത മന്ത്രി തീരദേശ ജനതയുടെ ജീവന് എന്ത് വിലയാണ് കല്പിച്ചിരിക്കുന്നതെന്നറിയാന്‍ താല്പര്യമുണ്ട്. കടല്‍ കയറി ജില്ലയിലെ പല ഭാഗങ്ങളിലും ജനജീവിതം ആഴ്ചകളായി താറുമാറാണ്.
ഇക്കാര്യത്തിലുള്ള മൗനം ധനമന്ത്രി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പുലിമുട്ടുകളും കടല്‍ ഭിത്തിയും ഉള്‍പ്പെടെ ശാസ്ത്രീയമായ രീതിയിലുള്ള കടലാക്രമണം ചെറുക്കാന്‍ കഴിയുന്ന 2000 കോടിയുടെ വന്‍കിട പദ്ധതി കിഫബിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പ്രഖ്യാപിക്കണമെന്നും എം പി മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഈകാര്യത്തില്‍ അനുകൂല തീരുമാനം ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."