കൂമ്പാറക്ക് 'ഉണര്‍വ്' പകര്‍ന്ന് നടുവട്ടം സ്‌കൂളിലെ കൂട്ടുകാര്‍
കൂടരഞ്ഞി: മലയോര ഗ്രാമമായ കൂമ്പാറക്ക് 'ഉണര്‍വ്' പകര്‍ന്ന് ബേപ്പൂര്‍ നടുവട്ടം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂമ്പാറ ഗവ. ട്രൈബല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
നടുവട്ടം സ്‌കൂള്‍ പ്രധാനാധ്യാപിക ജെസി ടീച്ചറുടെ നേതൃത്വത്തില്‍ അന്‍പതിലേറെ വിദ്യാര്‍ഥികളും ഇരുപതോളം അധ്യാപകരും അടങ്ങിയ സംഘമാണ് സന്ദര്‍ശം നടത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി 'ഉണര്‍വ്' എന്ന പേരില്‍ ഇരു സ്‌കൂളുകളും തമ്മിലുള്ള സഹകരണ പദ്ധതി പ്രഖ്യാപിച്ചു.
പദ്ധതിയുടെ തുടക്കമെന്നോണം ട്രൈബല്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങളും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരങ്ങളും ട്രൈബല്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള വസ്ത്രങ്ങളും കൈമാറി. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ നസീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നടുവട്ടം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമ്മാനിച്ച മേശയും കസേകരളും കൂമ്പാറ സ്‌കൂളിലെ ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം വിതരണം ചെയ്തു.
സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം പഞ്ചായത്ത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൂടരഞ്ഞി പഞ്ചായത്ത് നല്‍കുന്ന പഠനോപകരങ്ങളുടെ വിതരണോദ്ഘാടനവും വി.എ നസീര്‍ നിര്‍വഹിച്ചു.
കേവല സന്ദര്‍ശനത്തിലപ്പുറം മലയോര ഗ്രാമമായ കൂമ്പാറയും തീരദേശമായ നടുവട്ടവും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമാണിതെന്നും തങ്ങളാല്‍ സാധ്യമാകുന്ന എല്ലാ സഹായങ്ങളും കൂമ്പാറ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും നടുവട്ടം സ്‌കൂള്‍ പ്രധാനാധ്യാപിക ജെസി ടീച്ചര്‍ പദ്ധതി വിശദീകരിച്ചു കൊണ്ട് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സമ്പാദ്യക്കുടുക്ക സമ്മാനിച്ച ഇരട്ട സഹോദരങ്ങളായ ജാസിം ഉമറിനെയും ഹാശിം ഉമറിനെയും തിരുവമ്പാടി ഇടവക വികാരി ഫാദര്‍ ജോസ് ഓലിയക്കാട്ടില്‍ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തംഗം ഗ്രേസി കീലത്ത് അധ്യക്ഷയായി. കൂമ്പാറ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.സി ടോമി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.ടി അഹമ്മദ്കുട്ടി സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ജീവദാസ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."