എടക്കല്‍ ഗുഹയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീങ്ങി
കല്‍പ്പറ്റ: പൈതൃക സ്മാരകമായ എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. കനത്ത കാലവര്‍ഷത്തില്‍ ഒന്നാം ഗുഹയുടെ പ്രവേശന കവാടത്തില്‍ പാറ വീണതിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതോടെയാണ് വിനോദസഞ്ചാര കേന്ദ്രം വീണ്ടും സജീവമായത്.
ഇക്കഴിഞ്ഞ 23ന് പുരാവസ്തു വകുപ്പ് എടക്കല്‍ ഗുഹയിലേക്ക് സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ചയോടെയാണ് നിയന്ത്രണങ്ങളൊടെ സന്ദര്‍ശക വിലക്ക് നീക്കിയത്.
ഒന്നാം ഗുഹയിലൂടെയുളള പ്രവേശനം ഒഴിവാക്കി ബദല്‍ പാത വഴി നേരിട്ട് ചരിത്ര ലിഖിതമുള്ള രണ്ടാം ഗുഹയില്‍ സന്ദര്‍ശനം നടത്തി അതേ വഴിയിലൂടെ സഞ്ചാരികള്‍ തിരിച്ചുവരുന്ന വിധത്തിലാണ് നിലവിലെ ക്രമീകരണം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുവരെയാണ് സന്ദര്‍ശകരെ അനുവദിക്കുക.
പരമാവധി 30 പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് സഞ്ചാരികളെ ഷെല്‍ട്ടറിലേക്ക് കടത്തിവിടുക. ഒരേസമയം ഗുഹയില്‍ 30ല്‍ അധികം പേര്‍ ഉണ്ടാകില്ല. പുതിയ ക്രമീകരണമനുസരിച്ച് പ്രവേശന പാതയില്‍ മൂന്നിടങ്ങളില്‍ തങ്ങിയതിന് ശേഷമായിരിക്കും രണ്ടാം ഗുഹയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം.
ഓഗസ്റ്റ് 23ന് രാവിലെ ജീവനക്കാരുടെ പതിവു പരിശോധയിലാണ് ഒന്നാം ഗുഹയുടെ പ്രവേശനകവാടത്തിനു പുറത്തു കല്ലു വീണതും തറയില്‍ നേരിയ വിള്ളല്‍ വീണതും ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് മാനന്തവാടി പഴശികുടീരം മാനേജര്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരം താല്‍കാലികമായി വിലക്കിയത്.
1984ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ച എടക്കലില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് വിനോദസഞ്ചാരം. 2009 ഡിസംബര്‍ ഒന്നു മുതല്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഭരണച്ചുമതല വഹിക്കുന്നത്.
കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ചെറുകിട സംരംഭകരടക്കം നേരിടുന്ന വിഷമതകളും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് എടക്കലില്‍ സന്ദര്‍ശകരെ അനുവദിക്കാനുള്ള തീരുമാനമെന്നാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
റോക്ക് ഷെല്‍ട്ടറിന്റെ വാഹകശേഷി ശാസ്ത്രീയമായി നിര്‍ണയിക്കുന്നതിനു വിദഗ്ധ സമിതിയെ വൈകാതെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പുരാവസ്തു, ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പു പ്രതിനിധികളും ഉള്‍പ്പെടുന്നതായിരിക്കും വിദഗ്ധ സമിതി.
ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഒന്നാം ഗുഹയിലൂടെയുള്ള പ്രവേശനം നിര്‍ത്തിവെക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."