ഉപ്പളയില്‍ പൊലിസ് സ്റ്റേഷന്: ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി
കാസര്‍കോട്: സംസ്ഥാനത്ത് പൊലിസ് സ്റ്റേഷന് അനുവദിക്കേണ്ട മുന്‍ഗണനാ ലിസ്റ്റില്‍ ഉപ്പള പൊലിസ് സ്റ്റേഷന് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവിടെ സ്റ്റേഷന് ആരംഭിക്കുന്നതിനായി പ്രൊപ്പോസല്‍ തയാറാക്കുന്നതിനു ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കര്‍ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം ഭാഗങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണങ്ങള്‍ കൂടി വരികയാണ്. കൂടെക്കൂടെയുണ്ടാകുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും പ്രദേശത്തെ ജനത്തെ ഭീതിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഉപ്പളയില്‍ പൊലിസ് സ്റ്റേഷന് വേണമെന്നത് അത്യാവശ്യമാണെന്ന് എം.എല്‍.എ സബ്മിഷനില്‍ ഉന്നയിച്ചു. ഇപ്പോള്‍ മഞ്ചേശ്വരം സ്റ്റേഷന് പരിധിയിലാണ് ഉപ്പള സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷന് പരിധി വളരെ വിശാലമായതിനാല്‍ പൊലിസിന് പ്രധാന പ്രദേശങ്ങളിലെത്താനോ ഇടപെടാനോ സാധിക്കാത്ത സ്ഥിതിയുണ്ട്. കൂടാതെ നിലവില്‍ മഞ്ചേശ്വരം പൊലിസ് സ്റ്റേഷന് ജോലി ഭാരം കൂടുതലാണെന്നും ഉപ്പള ഭാഗത്ത് പുതുതായി പൊലിസ് സ്റ്റേഷന് അനുവദിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് എം.എല്‍.എ സബ്മിഷനില്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."