അറ്റകുറ്റപ്പണികള്‍ ഫലപ്രദമാവില്ല
കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അടിമുടി വീഴ്ച സ്ഥിരീകരിച്ച് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട്. പാലത്തില്‍ ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ണമായി ഫലപ്രദമാവുമോയെന്ന് സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ട്, പാലം പൊളിച്ച് പണിയണമെന്ന പരോക്ഷ സൂചനയും നല്‍കുന്നു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പാലം നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ആവശ്യമനുസരിച്ചാണ് ചെന്നൈ ഐ.ഐ.ടി നിര്‍മാണത്തിലെ വീഴ്ചകള്‍ സംബന്ധിച്ച് പഠനം നടത്തിയത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വീഴ്ചകളുണ്ടായതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നതായാണ് പുറത്തുവരുന്ന വിവരം. കൃതമായ അളവില്‍ സിമന്റ് ഉപയോഗിച്ചില്ല എന്നത് കൂടാതെ രൂപകല്‍പനയിലും പാകപ്പിഴവുകളുണ്ട്.
തൂണുകള്‍, ഗര്‍ഡറുകള്‍, ഭിത്തി എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റില്‍ നിര്‍ദേശിക്കപ്പെട്ട സിമന്റിന്റെ അളവിനേക്കാള്‍ വളരെ കുറഞ്ഞ ശതമാനമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് കോണ്‍ക്രീറ്റ് ഗ്രേഡ് എം 25 ആണെന്നിരിക്കെ പാലാരിവട്ടം മേല്‍പാലത്തിന് ഇതിലും കുറഞ്ഞ ഗ്രേഡാണ് ഉപയോഗിച്ചിരിക്കുന്നത്. എം 35 ഗ്രേഡ് കോണ്‍ക്രീറ്റ് ആണ് പാലാരിവട്ടം പാലത്തിന് ആവശ്യമായിരുന്നത്.
നിര്‍മാണ സമയത്തെ അപാകത കാരണം പാലത്തിലെ ബീമുകള്‍ക്ക് വലിയ വളവുണ്ടായിട്ടുണ്ട്. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിങ്ങുകളുടെ നിര്‍മാണത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും വീഴ്ച സംഭവിച്ചു. രൂപകല്‍പനയിലും പ്രശ്‌നങ്ങളുണ്ട്.
അനുയോജ്യമായ രൂപകല്‍പനയല്ല പാലത്തിന്റേത്. പാലം നിര്‍മാണത്തിലെ സുപ്രധാന ഘട്ടമായ ഗര്‍ഡറുകള്‍ യോജിപ്പിക്കുന്ന സമയത്തും വീഴ്ചകളുണ്ടായി. പാലത്തില്‍ നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ എത്രമാത്രം ഫലപ്രദമാവുമെന്ന കാര്യത്തിലും ചെന്നൈ ഐ.ഐ.ടി സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആധുനിക സംവിധാനത്തോടെ പാലത്തിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതിനു ശേഷം മാത്രമേ ഗതാഗതത്തിന് തുറന്ന് കൊടുക്കാവൂ എന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."