ബൈഡന്‍ 238, ട്രംപ് 213; യു.എസില്‍ പോരാട്ടം ഇഞ്ചോടിഞ്ച്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 538 ഇലക്ടോറല്‍ വോട്ടുകളില്‍ 238 ഇടത്ത് ബൈഡന്‍ മുമ്പിലാണ്. 213 ഇടത്ത് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. 270 ഇലക്ടോറല്‍ വോട്ടുകളാണ് പ്രസിഡന്റ് പദത്തിനു വേണ്ടത്. അതേസമയം, നേരിയ മുന്‍തൂക്കമുണ്ടെങ്കിലും വിജയത്തിലേക്ക് എത്തുക ട്രംപിന് എളുപ്പമാവില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ ഭൂരിപക്ഷം ഉറപ്പാവാത്തതിനാല്‍ ഫലം വൈകുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗത്ത് കരോലിന, അലബാമ, നെബ്രാസ്‌ക, കന്‍സാസ് എന്നിവിടങ്ങളില്‍ ട്രംപ് മുമ്പിട്ടു നില്‍ക്കുകയാണ് എന്ന് എപി, എബിസി, എന്‍ബിസി എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂ ഹാംപ്ഷയര്‍, കൊളറാഡോ, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ ബൈഡന്‍ മുമ്പിലാണ്.
ടെക്സാസിലും ഫ്ളോറിഡയിലും ട്രംപ് വിജയിച്ചു. ഫ്ളോറിഡയില്‍ 39 ഇലക്ടോറല്‍ വോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 16 ഇലക്ടോറല്‍ വോട്ടുകളുള്ള ജോര്‍ജിയയില്‍ 51 ശതമാനം വോട്ടുകളുമായി ട്രംപ് മുമ്പിലാണ്. 46.8 ശതമാനം വോട്ടുകളാണ് ബൈഡനുള്ളത്. പത്ത് ഇലക്ടോറല്‍ വോട്ടുകളുള്ള വിസ്‌കോന്‍സിസിലും ട്രംപ് തന്നെയാണ് മുമ്പില്‍. 51 ശതമാനം വോട്ടാണ് ഇവിടെ ട്രംപിനുള്ളത്.
മിനസോട്ടയിലും ഹവായിയിലും അരിസോണയിലും ബൈഡന്‍ വിജയിച്ചു. എന്നാല്‍ മിഷിഗനിലും ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ട്രംപ് മുമ്പിലാണ്.
അതിനിടെ വോട്ടെടുപ്പ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തി. ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത്. വിജയം തനിക്കാണെന്നും തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. അണികളോട് ആഘോഷത്തിന് തയ്യാറാകാനും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."