കസ്തൂരിരംഗന്‍: എം.പിമാരുടെ യോഗം ഉടന്‍
ന്യൂഡല്‍ഹി: പശ്ചിമഘട്ട വികസനം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ നിലനില്‍ക്കുന്ന കരട് വിജ്ഞാപനത്തില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിന് പശ്ചിമഘട്ട മേഖലയില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെ. ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ നല്‍കിയ നിവേദനത്തിലെ ആവശ്യം പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ അടിയന്തര യോഗം ചേരാമെന്നും മന്ത്രി ഉറപ്പു നല്‍കി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും കൂടി സൗകര്യം പരിഗണിച്ച് ഒരു പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നു ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ടൗണ്‍ഷിപ്പുകളെയും പൂര്‍ണമായും ഒഴിവാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശങ്ങളെ വേര്‍തിരിച്ചതില്‍ നിരവധി പിഴവുകളും അശാസ്ത്രീയമായ അതിര്‍ത്തി നിര്‍ണയങ്ങളും കടന്നുകൂടിയിട്ടുണ്ട്. ഇത്തരം തെറ്റുകള്‍ സമ്പൂര്‍ണമായി ഒഴിവാക്കി ജനപ്രതിനിധികളുമായും പശ്ചിമഘട്ട മേഖലയിലെ ജനങ്ങളുമായും ചര്‍ച്ച ചെയ്ത് അവരുടെ കൂടി സഹകരണത്തോടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും എം.പി മാര്‍ ആവശ്യപ്പെട്ടു.
എം.പിമാരായ പി.കരുണാകരന്‍, പി.കെ ശ്രീമതി, എം.ഐ ഷാനവാസ്, എം.ബി രാജേഷ്, ആന്റോ ആന്റണി, പി.കെ ബിജു, ജോസ്.കെ.മാണി എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."