ഗുണ്ടാസംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതം
കരുനാഗപ്പള്ളി: കുറച്ച് ദിവസം മുന്‍പ് ഓച്ചിറയില്‍ അര്‍ധരാത്രിയില്‍ ദേശിയ പാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അച്ഛനെയും മകനെയും ഗുരുതരമായി വെട്ടിപരുക്കേല്‍പ്പിച്ച ഓച്ചിറയിലെ ക്വട്ടേഷന്‍സംഘത്തിന് വേണ്ടി അന്വേഷണം വ്യാപകമാക്കി പൊലിസ്.
ഇവര്‍ സഞ്ചരിച്ച കാര്‍ ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അക്രമിസംഘത്തിന് കാര്‍ വാടകക്ക് നല്‍കിയ കരുനാഗപ്പള്ളി പണിക്കര്‍ കടവ് സ്വദേശിയെ പൊലിസ് ചോദ്യം ചെയ്തു.
മുഖ്യ പ്രതി ചങ്ങന്‍കുളങ്ങര റേഡിയോ മുക്കിന് സമീപം ഗ്രാമം എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനാണ് കാര്‍ വാടകക്ക് എടുത്തത്. കഴിഞ്ഞ നാലിന് പുന്തല മുക്കിന് സമീപം വയോധികയെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസിലെ പ്രതികളാണിവര്‍.മുഖ്യപ്രതി മലപ്പുറത്ത് നിന്ന് ഓച്ചിറയിലേക്ക് കാറില്‍ വരുമ്പോള്‍ അച്ഛനും മകനുമായ കാവനാട് കൈരളി നഗര്‍ നിഷാന്തില്‍ രാജീവ് (54), മകന്‍ ശ്രീനാഥ് (24) എന്നിവര്‍ സഞ്ചരിച്ച വാഹനം പല പ്രാവശ്യം ഓവര്‍ടേക്ക് ചെയ്തതിലുള്ള വിരോധത്തില്‍ തന്റെ സംഘാംഗങ്ങളെ വിവരം അറിയിച്ച് വരുത്തി ആക്രമിച്ചെന്നാണ് പൊലിസ് ഭാഷ്യം.
ചങ്ങന്‍കുളങ്ങരയ്ക്ക് സമീപം വച്ച് മാരുതി ജിപ്‌സിയില്‍ വന്ന ഇരുവരെയും തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഇവര്‍ സ്ഥിരമായി മലപ്പുറത്ത് പോകുന്നത് ഹവാല ഇടപാടുകള്‍ക്കാണോയെന്ന് പൊലിസ് സംശയിക്കുന്നു. എന്നാല്‍ വാഹന വായ്പാ ഇടപാടുകളുള്ള രാജീവുമായി ഗുണ്ടാസംഘത്തിന് മറ്റേതെങ്കിലും തരത്തിലുള്ള പകയുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."