സാലറി കട്ട് തീരുമാനം പിന്‍വലിച്ചു
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനെടുത്ത തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പിന്‍വലിച്ചു.
ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം ഈ മാസം മുതല്‍ അനുവദിക്കും.
ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും.
ഓണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍നിന്നു ആറു ദിവസത്തെ ശമ്പളം മാറ്റിവച്ചെങ്കില്‍ തിരികെ നല്‍കും. ഒരു ഉദ്യോഗസ്ഥന്‍ മൂന്നു മാസത്തിനു മുകളില്‍ അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കാനും അധിക ചുമതല നല്‍കി കൃത്യനിര്‍വഹണം നടത്താനും തീരുമാനിച്ചു. സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് ഏഴാം യു.ജി.സി സ്‌കീം അനുസരിച്ച് ശമ്പളപരിഷ്‌ക്കരണം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ജി.സി. സ്‌കീമില്‍പ്പെട്ട പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കും. പരിഷ്‌കരണത്തിന്റെ സാമ്പത്തികാനുകൂല്യം ഈ മാസം മുതല്‍ നല്‍കും.
തിരുവനന്തപുരം സി.എച്ച്. മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് പാങ്ങപ്പാറയിലെ സ്ഥിര ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പള പരിഷ്‌കരണ ഉത്തരവ് ബാധകമാക്കാനും തീരുമാനിച്ചു.
ഭാരത് ഭവനില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം അനുവദിക്കാനും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ (കെ.എം.എം.എല്‍) ഓഫിസര്‍മാരുടെ ശമ്പളപരിഷ്‌കരണത്തിന് അംഗീകാരം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."