കൊവിഡ് ഭീതി; പോസ്റ്റല്‍ വോട്ട് കൂടി, ഫലവും വൈകി
വാഷിങ്ടണ്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റ് കൂടിയതാണ് വോട്ടെണ്ണല്‍ വൈകാന്‍ ഇടയാക്കിയത്. അമേരിക്കയില്‍ സാധാരണ പൗരന്മാര്‍ക്കും മുന്‍കൂര്‍ വോട്ടു രേഖപ്പെടുത്താന്‍ സംവിധാനമുണ്ട്. ഇതില്‍ പ്രധാനമാണ് തപാല്‍ വോട്ട്. കൊവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കൂടുതലും ഇത്തവണ പോസ്റ്റല്‍ വോട്ടിനെ ആശ്രയിക്കുകയായിരുന്നു. 10 കോടി പേര്‍ പോസ്റ്റല്‍ വോട്ടുകള്‍ ചെയ്‌തെന്നാണ് കണക്ക്. ഇത് വോട്ടെണ്ണല്‍ വൈകിപ്പിച്ചു.
വോട്ട് ബൈ മെയില്‍, ബാലറ്റ് എന്നീ സംവിധാനങ്ങളാണ് വോട്ടര്‍മാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. വ്യക്തമായ കാരണം ഇലക്ഷന്‍ അധികൃതരെ അറിയിച്ചാല്‍ പോസ്റ്റല്‍ ബാലറ്റ് അഥവാ അബ്‌സന്റീ ബാലറ്റ് അനുവദിക്കും. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ 34 സ്റ്റേറ്റുകളില്‍ എല്ലാ വോട്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം അധികൃതര്‍ ചെയ്തുകൊടുത്തു. സാധാരണ രീതിയില്‍ അസുഖം, സ്ഥലത്തില്ലാതിരിക്കല്‍ എന്നീ കാരണങ്ങള്‍ക്കാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കാറുള്ളത്. കൊവിഡ് പ്രതിരോധിക്കാനാണ് ഇത്തവണ ആബ്‌സന്റീ വോട്ടുകള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയത്. കൂടുതല്‍ വോട്ടര്‍മാരുള്ള സംസ്ഥാനങ്ങളില്‍ ഇത് വോട്ടെണ്ണല്‍ വൈകാനും ഇടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."