12 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ മദ്‌റസയിലേക്ക്
മലപ്പുറം: 'നേരറിവ് നല്ല നാളേക്ക് 'എന്ന വിളംബരവുമായി മദ്‌റസകളില്‍ നാളെ പഠനാരംഭം. 12 ലക്ഷം വിദ്യാര്‍ഥികളാണ് സമസ്തയുടെ വിവിധ മദ്‌റസകളിലായി നാളെ മുതല്‍ അറിവ് നുകരാനെത്തുന്നത്. ഒന്നാം ക്ലാസില്‍ മാത്രം ഒരുലക്ഷം നവാഗതരും അക്ഷരലോകത്തേയ്‌ക്കെത്തും. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9,912 മദ്‌റസകളാണ് റമദാന്‍ അവധിക്കുശേഷം തുറക്കുന്നത്. രാജ്യത്ത് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മലേഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശരാഷ്ട്രങ്ങളിലുമാണ് സമസ്തക്കുകീഴില്‍ മദ്‌റസകളുള്ളത്.
2016 മുതല്‍ നടപ്പാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 8, 9, 10 ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തോടെ 'മൈനസ് ടു മുതല്‍ പ്ലസ് ടു വരെ'യുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും പരിഷ്‌കരണം പൂര്‍ത്തിയാവും. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കുന്നതിനായി തഹ്‌സീനുല്‍ ഖിറാഅ പദ്ധതിയും ഇത്തവണ ആരംഭിച്ചിട്ടുണ്ട്.
മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത്. ഹുറൂഫുല്‍ ഹിജാഇയ്യ, ദുറൂസ് അറബി മലയാളം, ലിസാനുല്‍ ഖുര്‍ആന്‍, അഖീദ, ഫിഖ്ഹ്, താരീഖ്, അഖ്‌ലാഖ്, തജ്‌വീദ്, ദുറൂസുല്‍ ഇഹ്‌സാന്‍, തഫ്‌സീര്‍ എന്നിവയാണ് പാഠപുസ്തകങ്ങള്‍. ഏഴുവരെ അറബി മലയാളവും എട്ടുമുതല്‍ പ്ലസ് ടുവരെ അറബിയുമാണ് പഠന മാധ്യമം. അറബി ഭാഷാ പഠനത്തിനു മൂന്നാം ക്ലാസ് മുതല്‍ ലിസാനുല്‍ ഖുര്‍ആന്‍ എന്ന പുസ്തകമുണ്ട്. എല്ലാ ക്ലാസുകളിലേക്കുമുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോയില്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."