ഗള്‍ഫില്‍ കത്തുന്ന ചൂട്; അടുത്ത മാസം ഇനിയും കടുക്കും
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കഠിനമാകുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത് സഊദിയിലെ അല്‍ മജ്മഅ് പ്രദേശത്ത് 55 ഡിഗ്രിയായിരുന്നു. അതേ സമയം കുവൈത്തില്‍ രേഖപ്പെടുത്തിയ ചൂട് 52.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. വരും ദിവസങ്ങളില്‍ ഗള്‍ഫില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്നാണ് പ്രവചനങ്ങള്‍. കുവൈത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൂടുകാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, വരുന്ന മൂന്നാഴ്ച സഊദിയില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജോലി സമയം ക്രമീകരിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അതിനിടെ, ചൂട് സംബന്ധിച്ച വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
കുവൈത്തിലും സഊദിയിലും ഈ മാസം 21ന് ചൂട് തരംഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലും ചൂട് കൂടുകയാണ്. ഇറാഖില്‍ 55.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
കുവൈത്തില്‍ 68 ഡിഗ്രി വരെ ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സഊദിയില്‍ കഴിഞ്ഞ ദിവസം മുതല്‍ വെയില്‍ നേരിട്ടുകൊള്ളുന്ന ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നതിന് അനുമതിയില്ല. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നിയമലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിക്കും. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളില്‍ മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കില്ലെന്നും മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.
ഖത്തറില്‍ ഭരണകൂടം മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പുറംജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 15 മുതലാണ് നിയന്ത്രണം. 48 ഡിഗ്രിക്ക് മുകളിലാണ് ഖത്തറിലെ ചൂട്. ഇരുണ്ട വസ്ത്രങ്ങള്‍ ധരിക്കരുത്, നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശവും ഖത്തര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഖത്തറില്‍ വേനല്‍ ചൂട് റെക്കോര്‍ഡിലെത്തിയെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. താപനില 80 ഡിഗ്രി വരെയെത്തി എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."