ഇന്ധനക്കപ്പലുകളിലെ സ്‌ഫോടനത്തിനുപിന്നില്‍ ഇറാനെന്ന് യു.എസ്; മൈനല്ല, 'പറക്കും വസ്തുക്കളാ'ണ് ആക്രമിച്ചതെന്ന് ജപ്പാന്‍
ദുബൈ: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് ഇന്ധനക്കപ്പലുകളില്‍ സ്‌ഫോടനമുണ്ടായതിനു പിന്നില്‍ ഇറാനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടയാനാണ് ഇറാന്റെ നീക്കമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കുറ്റപ്പെടുത്തി.
ഇതിനു തെളിവായി ഒരു വീഡിയോയും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഒരു കപ്പലില്‍ പൊട്ടാതെ കിടന്ന മൈന്‍ നീക്കംചെയ്യുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ഇറാന്‍ ദേശീയ സൈന്യമായ വിപ്ലവ ഗാര്‍ഡാണ് അവ നീക്കംചെയ്യുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സ്‌ഫോടനത്തിനു ശേഷമുള്ള നിശ്ചലദൃശ്യങ്ങളും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. യു.എസിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഇറാന്‍ വ്യക്തമാക്കി. കപ്പല്‍പ്പാതയില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. ടാങ്കര്‍ ആക്രമണത്തെ തുടര്‍ന്ന് കടലില്‍ ചാടിയ കപ്പല്‍ ജീവനക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനകം രക്ഷിച്ചതും ഇറാനാണ്.
പോംപിയോയുടെ ആരോപണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. അതേസമയം സ്‌ഫോടനം നടന്ന ജപ്പാന്‍ കപ്പല്‍ കോകുക കരാഗസിലെ ജീവനക്കാരെ രക്ഷിച്ചത് യു.എസ് നാവികസേനയുടെ കപ്പലാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അതേസമയം ഇറാന്‍ രക്ഷപ്പെടുത്തിയ കപ്പല്‍ ജീവനക്കാരുടെ ചിത്രം ഔദ്യോഗികവാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ടു.
പ്രാദേശികസമയം 4.10ന് ഇറാന്‍ വിപ്ലവഗാര്‍ഡിന്റെ പട്രോള്‍ ബോട്ട്, ആക്രമിക്കപ്പെട്ട കോകുക കരാഗസ് കപ്പലിനെ സമീപിക്കുന്നതും കപ്പലില്‍ നിന്ന് പൊട്ടിത്തെറിക്കാതിരുന്ന ലിംപെറ്റ് മൈന്‍ നീക്കംചെയ്യുന്നതും വീഡിയോയിലുണ്ടെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവായ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയില്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ട കപ്പലുകളില്‍ നിന്ന് അപായ സന്ദേശം ലഭിച്ച് 10 മണിക്കൂറിനു ശേഷം, ജപ്പാന്‍ കപ്പലിലെ 21 നാവികരെ യു.എസ് നാവികകപ്പല്‍ രക്ഷപ്പെടുത്തി അഞ്ചു മണിക്കൂറിനു ശേഷമാണ് വീഡിയോ എടുത്തതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു.
അതിനിടെ തങ്ങളുടെ കപ്പലിനു നേരെ ആക്രമണം നടത്തിയത് പറക്കും വസ്തുക്കളാണെന്ന് ജപ്പാന്‍ കപ്പലായ കോകുക കരാഗസിന്റെ ഓപറേറ്റര്‍. കപ്പലിന്റെ നിര്‍മാതാക്കളായ കോകുക സാന്‍ഗിയോ പ്രസിഡന്റ് യുതാക കറ്റാഡയും ഇക്കാര്യം വ്യക്തമാക്കി.
തങ്ങളുടെ നാവികര്‍ പറക്കും വസ്തുക്കള്‍ കപ്പലിനു നേരെ വന്നത് കണ്ടതായും യു.എസ് വാദിക്കുന്ന പോലെ കപ്പലിന്റെ വശത്ത് മൈന്‍ ഘടിപ്പിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കപ്പലിലെ ദ്വാരങ്ങള്‍ ജലനിരപ്പിനു മുകളിലാണെന്നതും ജലബോംബാണ് ആക്രമണത്തിനുപയോഗിച്ചതെന്ന വാദത്തെ പൊളിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."