'ഇരുതുള്ളിപ്പുഴ മാതൃകയില്‍ പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം'
കോഴിക്കോട്: ഇരുതുള്ളിപ്പുഴ മാതൃകയില്‍ ജില്ലയിലെ എല്ലാ പുഴകളിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് പശ്ചിമഘട്ട പുഴസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജലസേചന വകുപ്പ് പുഴയില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ മറവില്‍ കൂടത്തായി പാലത്തിനു സമീപമുള്ള പുഴ പുറമ്പോക്കില്‍ മണ്ണിട്ട് നികത്തിയത് റവന്യു വകുപ്പ് ഉടമയുടെ ചെലവില്‍ എടുത്തുമാറ്റുകയായിരുന്നു. സര്‍വേനടത്തുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവപ്പിച്ചിരുന്നു. കൈയേറ്റത്തിനെതിരേ നടപടി സ്വീകരിച്ച റവന്യു വകുപ്പിനെ കമ്മിറ്റി അഭിനന്ദിച്ചു.
ജില്ലയില്‍ പൂനൂര്‍ പുഴയില്‍ നഗരസഭാ അതിര്‍ത്തിയില്‍ മാത്രം 265 ഏക്കര്‍ സ്ഥലമാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയത്. ഇരുവഴിഞ്ഞിപ്പുഴയില്‍ ജലവൈദ്യുത പദ്ധതികളുടെ പേരിലെ കൈയേറ്റം പൂര്‍വസ്ഥിതിയിലാക്കാനുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശം ഇതുവരെ പാലിച്ചിട്ടില്ല. കുറ്റ്യാടി, ചാലിയാര്‍ പുഴകളിലും കൈയേറ്റം വ്യാപകമാണ്. എല്ലാ പുഴകളുടെയും പുറമ്പോക്കുകള്‍ സംബന്ധിച്ച് ഉടന്‍ സര്‍വേ നടത്തണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ പി.എച്ച് താഹ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."