ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്യുന്നതില്‍ അപാകത
പൂച്ചാക്കല്‍: ദുരിതാശ്വാസ ധനസഹായം വിതരണം നടത്തുന്നതിലുണ്ടായ അപാകതമൂലം ക്യാംപില്‍ കഴിഞ്ഞവര്‍ നെട്ടോട്ടത്തില്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അടിയന്തിര ധനസഹായം നല്‍കുമെന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം.
തഹസില്‍ദാര്‍മാര്‍ കൊടുത്ത നിര്‍ദേശം രണ്ട് ദിവസത്തിലേറെ വെള്ളം കെട്ടിക്കിടന്ന വീടുകള്‍ക്ക് മാത്രമാക്കി ചുരുക്കി.
പഞ്ചായത്ത് മെമ്പര്‍മാരെ ലിസ്റ്റ് തയാറാക്കുന്ന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയതാണ് അര്‍ഹരായവര്‍ക്ക് ധനസഹായം നിഷേധിക്കപ്പെടാന്‍ ഇടയാക്കിയത്.
പ്രളയ സമയത്ത് മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ബി.എല്‍.ഒ മാര്‍ക്ക് പെട്ടെന്ന് ഒരു ദിവസം ലിസ്റ്റ് തയാറാക്കുന്ന ചുമതല നല്‍കുകയായിരുന്നു. വേണ്ട അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യമായ സമയം നല്‍കിയില്ലെന്നും പരാതിയുണ്ട്.
ബി.എല്‍.ഒമാര്‍ക്ക് റവന്യു അധികൃതര്‍ നല്‍കിയ നിര്‍ദേശം രണ്ട് ദിവസത്തില്‍ കൂടുതല്‍ വെള്ളം കെട്ടിക്കിടന്ന വീടുകളുടെ ലിസ്റ്റ് തയാറാക്കി നല്‍കാനായിരുന്നു. എന്നാല്‍ ബി.എല്‍.ഒ മാര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഭാഗികമായ ലിസ്റ്റ് മാത്രമാണ് ഹാജരാക്കുവാന്‍ സാധിച്ചത്.
റവന്യൂ ഉദ്യോഗസ്ഥന്മാരുടെ നിസംഗതയാണ് ഗുരുതരമായ അപാകതകള്‍ക്ക് ഇടയാക്കിയതെന്നാണ് ആക്ഷേപം. ഇങ്ങനെ ലിസ്റ്റില്‍ പെടാത്ത നിരവധി കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ റവന്യൂ ഓഫിസുകള്‍ കയറി ഇറങ്ങേണ്ട ഗതികേടാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും അക്കൗണ്ടില്‍ ഇതുവരെ ധനസഹായം എത്തിയിട്ടില്ലെന്ന ആക്ഷേപവും നിലനിര്‍ക്കുന്നുണ്ട്. സഹായം വൈകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."