യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍
കടയ്ക്കല്‍ (കൊല്ലം): മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. തേക്കില്‍ കോളനി പണയില്‍ വീട്ടില്‍ രവീന്ദ്രന്റെ മകന് ശ്രീകുമാര്‍ (അപ്പൂസ്- 25) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ പാറവിള വീട്ടില്‍ ഗോപകുമാറിനെയാണ് (35) കടയ്ക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മുക്കടയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് ഗോപകുമാര്‍ രാത്രി താമസം. കൂലിപ്പണിക്കാരായ ഇരുവരും ഇവിടെ വച്ച് മദ്യപിച്ച ശേഷം വാക്കുതര്‍ക്കം ഉണ്ടാവുകയും ഗോപകുമാര്‍ തടിക്കഷ്ണം ഉപയോഗിച്ച് ശ്രീകുമാറിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. അടിയേറ്റ് വീണ ശ്രീകുമാര്‍ ചോര വാര്‍ന്നാണ് മരിച്ചത്. സംഭവത്തിനുശേഷം രാത്രി ഗോപകുമാര്‍ പലരോടും ഇക്കാര്യം പറഞ്ഞെങ്കിലും ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ ആരും ഗൗനിച്ചില്ല. ഇന്നലെ രാവിലെ ശ്രീകുമാറിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കടയ്ക്കല്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും ഗോപകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."