കേരളത്തിന് നേട്ടം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്സ് മൂന്നാം പാദ പോരാട്ടത്തില്‍ 400 മീറ്ററില്‍ കേരളത്തിന്റെ മുഹമ്മദ് അനസ് ദേശീയ റെക്കോര്‍ഡ് തിരുത്തി. തന്റെ തന്നെ സമയം തിരുത്തിയ അനസ് 45.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കി. 45.40 ആയിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. റെക്കോര്‍ഡ് നേട്ടത്തിനൊപ്പം അനസ് ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യതയും ഉറപ്പാക്കി. അനസിനെ കൂടാതെ 400 മീറ്ററില്‍ ജിസ്ന മാത്യു (52.65 സെക്കന്‍ഡ്) , ലോങ് ജംപില്‍ എം ശ്രീശങ്കര്‍ (7.65 മീറ്റര്‍), 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ (14.44 സെക്കന്‍ഡ്) എന്നിവരും കേരളത്തിനായി സ്വര്‍ണം നേടി. നാല് സ്വര്‍ണമടക്കം കേരള താരങ്ങള്‍ 11 മെഡലുകള്‍ അവസാന പാദത്തില്‍ സ്വന്തമാക്കി. സ്പ്രിന്റില്‍ മെര്ലിന് കെ ജോസഫ്, ട്രിപ്പിള്‍ ജംപില്‍ രാകേഷ് ബാബു, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലിക്സി ജോസഫ് എന്നിവര്‍ക്കാണ് വെള്ളി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലിക്സിയുടെ സഹോദരി നിക്സി ജോസഫ് വെങ്കലം നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ സച്ചിന് റോബി, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡി ശ്രീകാന്ത്, 100 മീറ്ററില്‍ മുഹമ്മദ് സാദത്ത് എന്നിവരും കേരളത്തിനായി വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."