കേന്ദ്രമന്ത്രി നഖ്‌വിക്കെതിരേ കോണ്‍ഗ്രസ് നോട്ടിസ്
ന്യൂഡല്‍ഹി: ഭരണപക്ഷത്തു നിന്ന് എം.പിമാരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരേ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് എം.പി കെ.വി.പി രാമചന്ദ്ര റാവു ആണ് ഇന്നലെ മന്ത്രിക്കെതിരേ അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കിയത്. ഭരണപക്ഷത്തു നിന്നുള്ള എം.പിമാരെ സഭയുടെ നടുത്തളത്തിലേക്കിറങ്ങാനും സഭാ നടപടികള്‍ തടസപ്പെടുത്താനും മന്ത്രി അനുവദിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ശൂന്യവേളയില്‍ ഇന്നലെ വിഷയം ഉന്നയിക്കവേയാണ് താന്‍ ചട്ടം 187, 188 പ്രകാരം നോട്ടിസ് നല്‍കിയിട്ടുണ്ടെന്നു റാവു വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ട ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് നല്‍കുന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ചത് റാവു ആയിരുന്നു. അവകാശ ലംഘനത്തിനു നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുള്ള റാവുവിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ രാജ്യസഭാധ്യക്ഷന്‍ തീരുമാനമെടുക്കുമെന്നും ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ വ്യക്തമാക്കി.
അതിനിടെ, ആന്ധ്ര ബില്ല് എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ ബഹളംമൂലം രാജ്യസഭ ഇന്നലെയും നേരത്തേ പിരിഞ്ഞു. കോണ്‍ഗ്രസ് അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നു വിമര്‍ശിച്ചു മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രംഗത്തെത്തി. തുടര്‍ന്നു നാലുമണിക്കു സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ആന്ധ്ര പ്രദേശിനെ എങ്ങനെ വികസിപ്പിക്കണമെന്ന വിഷയത്തില്‍ ചര്‍ച്ചയാകാമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
എന്നാല്‍, ബില്ല് വോട്ടിനിടണമെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇതോടെ സഭയില്‍ വീണ്ടും കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തി. വോട്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുദ്രാവാക്യം മുഴക്കി ഇറങ്ങിയതോടെ സഭ ഇന്നലത്തേക്കു പിരിയുന്നതായി ഉപാധ്യക്ഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."