വോട്ടിങ് മെഷീനുകളുടെ പരിശോധന 10ന് പൂര്‍ത്തിയാക്കും
തിരുവനന്തപുരം: ഡിസംബര്‍ എട്ടിനാരംഭിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പരിശോധന ഈ മാസം പത്തിനകം പൂര്‍ത്തിയാക്കും. 1,200 തദ്ദേശ സ്ഥാപനങ്ങളില്‍ 1,199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകളില്‍ 15,962 വാര്‍ഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,080 വാര്‍ഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളില്‍ 331 വാര്‍ഡുകളിലേക്കും 86 മുനിസിപ്പാലിറ്റികളില്‍ 3,078 വാര്‍ഡുകളിലേക്കും ആറ് കോര്‍പറേഷനുകളില്‍ 414 വാര്‍ഡുകളും ഉള്‍പ്പെടെ 21,865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. 34,744 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
സ്ഥാനാര്‍ഥിയും
പാലിക്കണം കൊവിഡ് പ്രോട്ടോക്കോള്‍
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തകരോ സ്ഥാനാര്‍ഥികളോ പ്രചരണത്തിനിറങ്ങരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍. പിന്നീട് കൊവിഡ് നെഗറ്റീവ് ആയാലും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ചു മാത്രമേ പ്രചരണത്തിന് ഇറങ്ങാവൂവെന്നും വീട് കയറിയുള്ള പ്രചരണത്തിന് നിയന്ത്രണം വേണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ യോഗത്തിനു നിയന്ത്രണമുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടി പാടില്ല. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം അഞ്ച് പേരെ പാടുള്ളു. റോഡ് ഷോകളില്‍ ഓരോ അരമണിക്കൂറിലും അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്‌ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളില്‍ സാമൂഹിക അകലം പാലിച്ചു നടത്താം.
80 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കും. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അവശ്യ സര്‍വിസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിങ് ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററില്‍ ഒപ്പിടാനും ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്താനും കൈയുറ നല്‍കും. പനിയോ, ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."