കശ്മിര്‍; അനന്ത്‌നാഗിലൊഴികെ കര്‍ഫ്യൂ പിന്‍വലിച്ചു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ അനന്ത്‌നാഗ് ജില്ലയിലൊഴികെയുള്ള മേഖലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ 17 ദിവസംമുന്‍പാണ് കശ്മിരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
പ്രതിഷേധങ്ങളിലും അക്രമങ്ങളിലുമായി ഒരു പൊലിസുകാരനടക്കം ഇതുവരെ 48 പേരാണ് കശ്മിരില്‍ കൊല്ലപ്പെട്ടത്. വിവിധ സംഭവങ്ങളിലായി രണ്ടായിരത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കര്‍ഫ്യൂ പിന്‍വലിച്ചതായി പറഞ്ഞ അധികൃതര്‍, ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനൊഴികെ നിയന്ത്രണമില്ലെന്നും വ്യക്തമാക്കി. എന്നാല്‍, കശ്മിരിലെ അനന്ത് നാഗ് ജില്ലയില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇവിടെയായിരുന്നു കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജൂലൈ ഒന്‍പതിനാണ് കശ്മിരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും വാക്‌പോരുമായി രംഗത്തെത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുകയും ചെയ്തു. അതിനിടെ, പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം പെല്ലെറ്റ് ഗണ്‍ പ്രയോഗിച്ചതും വിവാദമായി. ഇതില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചിലര്‍ക്കു കാഴ്ചയ്ക്കു മങ്ങലേല്‍ക്കുകയോ കാഴ്ച നഷ്ടപ്പെടുകയോ ചെയ്തു. വിഷയം പാര്‍ലമെന്റിലും ബഹളത്തിനിടയാക്കി. എന്നാല്‍, പെല്ലെറ്റ് ഗണ്‍ ഒഴിവാക്കാനാകില്ലെന്നു പ്രഖ്യാപിച്ച് സൈന്യം ഇന്നലെയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്നലെയും അടഞ്ഞുകിടന്നു. ട്രെയിന്‍ ഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. കര്‍ഫ്യൂ ലംഘിച്ചു പ്രതിഷേധ റാലി നടത്താനൊരുങ്ങിയ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."