മലയോര ഹൈവേ: മാമലക്കണ്ടം വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം
അടിമാലി: മലയോര ഹൈവേയുടെ ഭാഗമായ നേര്യമംഗലം ആറാം മൈല്‍ മുതല്‍ മാമലക്കണ്ടം വരെ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിര്‍മ്മാണ ജോലികളുടെ ഭാഗമായി റോഡ് താല്‍ക്കാലികമായി അടച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഹൈറേഞ്ചിന്റെ വികസനത്തിനാക്കം കൂട്ടുന്ന മലയോര ഹൈവേയുടെ പ്രാഥമിക നിര്‍മ്മാണ ജോലികള്‍ക്കായാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ആറാംമൈല്‍ മാമലക്കണ്ടം റോഡ് അടച്ചത്. കൈത്തോടുകളും അരുവികളും കൂടുതലുള്ള ഭാഗമായാതിനാല്‍ കലുങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ഉണ്ടായിരുന്ന റോഡ് വെട്ടിപൊളിച്ചതോടെ ഇതിലൂടുണ്ടായിരുന്ന വാഹന ഗതാഗതമേതാണ്ട് പൂര്‍ണ്ണമായി നിലച്ചു. 90 ദിവസങ്ങള്‍ക്കുള്ളില്‍ ജോലികള്‍ അവസാനിപ്പിച്ച് പാത തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും 6 മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണ ജോലികളില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടവരുത്തിയിട്ടുള്ളത്.
പഴമ്പള്ളിച്ചാല്‍,മാമലക്കണ്ടം മേഖലകളില്‍ നിന്നും ആളുകള്‍ക്ക് വേഗത്തില്‍ ദേശിയപാത 49ല്‍ എത്താനാകുമായിരുന്ന പാതയാണ് ആറ് മാസമായി അടഞ്ഞ് കിടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇരുമ്പുപാലത്തു നിന്നും പടികപ്പ് പഴമ്പള്ളിച്ചാല്‍ വഴി വേണം നാട്ടുകാര്‍ക്ക് മാമലക്കണ്ടെത്താന്‍. അടിമാലിയിലും നേര്യമംഗലത്തും പഠനം നടത്തുന്ന വിദ്യാര്‍ഥികളെയാണ് റോഡ് തുറക്കാത്തത് ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. രോഗികളുമായി ആശുപത്രിയിലെത്താനും നാട്ടുകാര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ ദൂരമേറെ താണ്ടണം.
നിര്‍മ്മാണ ജോലികള്‍ ഇഴയുന്നതിനെ ചോദ്യം ചെയ്ത പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് അടിയന്തിരമായി ആറാം മൈല്‍ മാമലക്കണ്ടം റോഡ് തുറക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."