ജോലി സ്ഥലത്ത് വാക്കുതര്‍ക്കം; മലയാളി ബഹ്റൈനില്‍ തലക്കടിയേറ്റു മരിച്ചു
മനാമ: ബഹ്റൈനില്‍ ജോലി സ്ഥലത്തുണ്ടായ വാക്കു തര്‍ക്കത്തിനിടെ തലക്കടിയേറ്റ മലയാളി മരിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനനാണ് (49) സഹപ്രവര്‍ത്തകന്റെ അടിയേറ്റ് മരിച്ചത്.
ഇവിടെ മിറാക്കിള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
വാക്ക് തര്‍ക്കത്തിനിടെ ഇരുന്പുദണ്ഢ് ഉപയോഗിച്ച് സഹപ്രവര്ത്തകന് തലക്കടിച്ചുവെന്നാണ് കരുതുന്നത്. സംഭവം അറിഞ്ഞ് ബഹ്റൈനില്‍ തന്നെ യുള്ള സുഭാഷിന്റെ സഹോദരന് സുരേഷ് സംഭവസ്ഥലത്തെത്തി, അവശനായിരുന്ന സുഭാഷിനെ ഉമ്മുല്‍ ഹസ്സമിലെ താമസസ്ഥലത്തെത്തിച്ചിരുന്നു.
എന്നാല്‍ രാത്രിയോടെ സുഭാഷ് ബോധരഹിതനായതിനെത്തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തുടര്‍ന്ന് വായില്‍നിന്നും മൂക്കില്‍നിന്നും രക്തംവാര്‍ന്നൊഴുകി മരണം സംഭവിക്കുകയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
മൃതദേഹം സല്‍മാനിയാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.
സംഭവത്തോടനുബന്ധിച്ച് പ്രതിയെന്നു കരുതപ്പെടുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലയക്കും. ഭാര്യ: ബിന്ദു, മക്കള്‍: ഐശ്വര്യ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."