സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ പ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡി.ആര്.ഐ മുന്‍പാകെയാണ് കീഴടങ്ങിയത്. വിഷ്ണു ഈ മാസം 17നകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജറായി പ്രവര്‍ത്തിച്ചയാളാണ് വിഷ്ണു. വിഷ്ണുവിന്റെയും സുഹൃത്ത് ജിത്തുവിന്റെയും നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്ന് കോടികളുടെ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതായി ഡി.ആര്.ഐ കണ്ടെത്തിയിരുന്നു.
കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടതും വിഷ്ണുവായിരുന്നു. വിഷ്ണുവിന്റെ സുഹൃത്ത് പ്രകാശന് തമ്പിയും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ്. ദുബൈയില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്ന സെറീനയും വിഷ്ണുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണം കടത്തുന്നവര്‍ക്കുള്ള പ്രതിഫലം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ വിഷ്ണുവാണ് നോക്കിയിരുന്നത്. സൂപ്രണ്ടിന്റെ ഫോണില്‍ വിഷ്ണുവിന്റെ നിരവധി വിളികള്‍ എത്തിയതായും ഡി.ആര്.ഐ കണ്ടെത്തിയിട്ടുണ്ട്. വിഷ്ണുവിന്റെ അറസ്റ്റ് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമാണ്. വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തും. കേസില്‍ നേരത്തേ അറസ്റ്റിലായ പ്രതികള്‍ വിഷ്ണുവിനെതിരേ മൊഴിനല്‍കിയിട്ടുണ്ട്. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കി.
ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ ചോദ്യംചെയ്തു. ബാലഭാസ്കറിന്റെ മരണവും സ്വര്‍ണക്കടത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയാനായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."