രണ്ടുതരം പക്ഷികള്‍ ഒരുമിച്ച് പറക്കുന്നു
ഒരു നാടന്‍ വൈദ്യന്‍ ഉണ്ടായിരുന്നു. വീടു വീടാന്തരം നടന്നു ചികിത്സിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. വൈകുന്നേരം സ്വന്തം കുടിയിലേക്ക് മടങ്ങും. വിശാലമായ പാടം കടന്നാണ് പോക്കുവരവ്. തലക്ക് മുകളില്‍ കടല്‍പോലെ നീലാകാശം. അതില്‍ നീന്തിത്തുടിക്കുന്ന പല തരം പക്ഷികള്‍.
എന്നും യാത്രയ്ക്കിടെ വൈദ്യന്‍ ആ പക്ഷിക്കൂട്ടങ്ങളെ കുറേനേരം കൗതുകത്തോടെ നോക്കി നില്‍ക്കും.
ഒരു ദിവസം പകല്‍ മുഴുവനുമുള്ള അലച്ചിലും ജോലിയും കഴിഞ്ഞ് ക്ഷീണിച്ചുമടങ്ങുമ്പോള്‍ ഒരു രോഗിയുടെ മകന്‍ കഴുതപ്പുറത്ത് വീട്ടില്‍ എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാതെ പതിവുപോലെ വീട്ടിലേക്ക് നടക്കുകയായിരുന്നു വൈദ്യന്‍. അപ്പോഴാണ് വിചിത്രമായ ആ കാഴ്ച അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
എന്തത്ഭുതം. രണ്ടു വ്യത്യസ്ത തരം പക്ഷികള്‍ ഒരുമിച്ച് പറക്കുന്നു! ഇങ്ങനെ പതിവില്ല. സാധാരണ ഒരേ തൂവല്‍ പക്ഷികള്‍ ആണ് ഒരുമിച്ച് പറക്കുക. 'ഇതെന്ത് മറിമായം?. വിചിത്രം തന്നെ!' വൈദ്യന്‍ ആത്മഗതം ചെയ്തു.
പതിവില്‍ നിന്നു വ്യത്യസ്തമായി വളരെ താഴ്ന്നാണ് രണ്ട് പക്ഷികളും പറന്നിരുന്നത്.
വൈദ്യന്‍ സൂക്ഷിച്ചുനോക്കി. 'ഇത് അത്ഭുതം ആയിരിക്കുന്നല്ലോ. ഒന്ന് രാജാളി വര്‍ഗത്തില്‍പ്പെട്ട അരയന്നം. മറ്റേതോ, മണ്ണില്‍ മാലിന്യങ്ങള്‍ ചിക്കിച്ചികയുന്ന കാക്ക. ഇതെന്ത് പറ്റി അരയന്നത്തിനും കാക്കയ്ക്കും കൂട്ട് കൂടാന്‍?' വൈദ്യന്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കവേ രണ്ടു പക്ഷികളും പതുക്കെ താഴേക്ക് ഇറങ്ങി.
ഇപ്പോള്‍ വൈദ്യനു പക്ഷികളെ വളരെ അടുത്തു കാണാം. രണ്ടും ഞൊണ്ടിയാണ് നടത്തം. രണ്ടിന്റെയും കാലുകള്‍ക്ക് എന്തോ പരുക്കുപറ്റിയിരിക്കുന്നു. ഒരു തരത്തിലും പൊരുത്തമില്ലാത്ത രണ്ടു വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍ കൂട്ടുകൂടിയതിന്റെ രഹസ്യം വൈദ്യനു പിടികിട്ടി. രണ്ടിനെയും ഒരുമിപ്പിച്ചത് ശരീരത്തിന് ഏറ്റ ക്ഷതം ആണ്.
ഈ കാഴ്ച വൈദ്യന്റെ ചിന്തയെ മറ്റൊന്നിലേക്ക് നയിച്ചു. ക്ഷതം ഏല്‍ക്കുന്ന മനുഷ്യാത്മാവിനെ കുറിച്ചാണ് അദ്ദേഹം ആലോചിച്ചത്. ആത്മാവിന് പരുക്ക് പറ്റുമ്പോള്‍ എത്ര ഉയരത്തില്‍ ഉള്ളവനും താഴത്തെ കീടങ്ങളുമായി കൂട്ടുകൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."