നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്തു
കോഴിക്കോട്: ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുന്ന നടപടി ശക്തമാക്കി. കോര്പറേഷന്, പൊലിസ്, ട്രാഫിക് പൊലിസ് എന്നിവയുടെ സഹകരണത്തോടെ ഇന്നലെ കമ്മിഷണര്‍ ഓഫിസ് പരിസരം മുതല്‍ ഫ്രാന്‍സിസ് റോഡ് ജങ്ഷന് വരെയുള്ള ഭാഗങ്ങളെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കംചെയ്തു. റോഡരികില്‍ വാഹനമോടിക്കുന്നവരുടെ കാഴ്ച മറക്കുംവിധം സ്ഥാപിച്ച ബോര്‍ഡുകളാണു നീക്കംചെയ്തത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ച ബോര്‍ഡുകളാണു മാറ്റിയത്. മുന്‍പും ഇത്തരത്തില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കംചെയ്തിരുന്നു. കര്‍ശന നടപടിയുടെ ഭാഗമായി റോഡരികില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നു ദേശീയപാത അധികൃതര്‍ അറിയിച്ചു. കമ്മിഷണര്‍ ഓഫിസ് പരിസരം മുതല്‍ ഫ്രാന്‍സിസ് റോഡ് ജങ്ഷന് വരെയുള്ള റോഡിന്റെ ഇരുവശത്തമുള്ള നൂറിലധികം വരുന്ന ബോര്‍ഡുകളാണ് കോര്‍പറേഷനിലെ ആറു ജീവനക്കാരും പൊലിസും ട്രാഫിക് പൊലിസും ദേശീയപാതാ അധികൃതരും ചേര്‍ന്നു മാറ്റിയത്.
നീക്കം ചെയ്ത സാധനങ്ങള്‍ കമ്മിഷണര്‍ ഓഫിസ് പരിസരത്തുള്ള കോര്‍പറേഷന്റെ സ്ഥലത്താണു സൂക്ഷിച്ചിട്ടുള്ളത്. അഞ്ച് ലോഡ് ബോര്‍ഡുകളാണു ചൊവ്വാഴ്ച ലഭിച്ചത്. ഇവയില്‍ വിലകൂടിയ വസ്തുക്കള്‍ ലേലം ചെയ്യും. ദേശീയപാതാ അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ നീക്കം ചെയ്യാന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."