ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് ഇ.ഡി
നിയമസഭാ സമിതിക്ക് രേഖാമൂലം മറുപടി നല്‍കും
സ്വന്തം ലേഖകന്‍
കൊച്ചി: ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഇതുസംബന്ധിച്ച് ഇ.ഡി നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് രേഖാമൂലം മറുപടി നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ചുവരുത്തിയത് സഭയുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം ഇ.ഡിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു മറുപടിയായാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.ഡിയുടെ നീക്കം സര്‍ക്കാരിന്റെ വികസന പദ്ധതികളെ തടസപ്പെടുത്തുന്നുവെന്നത് ദുര്‍വ്യാഖ്യാനം മാത്രമാണ്. പദ്ധതികളുടെ നടത്തിപ്പില്‍ ഇടപെടുന്നില്ല. എന്നാല്‍ എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈഫ് മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ കമ്മിഷന്‍ വാങ്ങിയതായി മൊഴികളുണ്ട്.
സര്‍ക്കാരിന്റെ പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ഉള്‍പ്പെടെ ചില ഇടപെടലുകള്‍ നടത്തിയതായും മൊഴികളുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് മുടക്കം വന്നപ്പോള്‍ സ്വപ്നയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചെന്നും മൊഴിയുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വാഭാവികമായും അന്വേഷണം നടത്തുകയും ഫയലുകള്‍ വിളിപ്പിക്കുകയും വേണ്ടിവരും. സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്കു നല്‍കിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി വിശദമായ അന്വേഷണം വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചാകും കത്ത് നല്‍കുകയെന്നാണ് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."