കീടനാശിനി പ്രയോഗം; മത്സ്യങ്ങള്‍ ചത്തുപൊങ്ങി
കരുവാരകുണ്ട് : മാമ്പറ്റയില്‍ ഒലിപ്പുഴയില്‍ മാരക വിഷാംശമുള്ള കീടനാശിനി പ്രയോഗം മൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയില്‍. മീന്‍ പിടിക്കുന്നതിനായി സാമൂഹ്യ ദ്രോഹികളാണ് പുഴയില്‍ വിഷം കലക്കിയതെന്നാണ് ആരോപണം. നാട്ടുകാരുടെ പരാതിയില്‍ കരുവാരകുണ്ട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മാമ്പറ്റ പാലത്തിന് സമീപം പുഴ വീതി കൂട്ടുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നതിനിടയിലാണ് ഒലിപ്പുഴയില്‍ സാമുഹൃ ദ്രോഹികള്‍ വിഷം കലര്‍ത്തിയത്. അര്‍ധരാത്രിയിലും പുലര്ച്ചയിലും തോട്ടപൊട്ടിച്ച് പുഴയില്‍ മീന്‍ പിടിക്കുന്ന സംഘം സജീവമാണന്ന് നാട്ടുകാര്‍ പറഞ്ഞു.
കരുവാരകുണ്ട് ,തുവ്വൂര്‍ ,എടപ്പറ്റ, മേലാറ്റൂര്‍, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ഒലിപ്പുഴയെ ആശ്രയിച്ചുള്ളതാണ്. പുഴയില്‍ വിഷം കലര്‍ത്തിയത് മൂലം പുഴയെ കുടിവെള്ളത്തിനാശ്രയിക്കുന്നവര്ക്കെല്ലാം ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രളയത്തിനു ശേഷം നീര്‍ച്ചാലായി ഒഴുകുന്ന ഒലിപ്പുഴയ്ക്ക് കനത്ത വെല്ലുവിളിയാണ് ഇത്തരത്തിലുള്ള സാമൂഹ്യ ദ്രോഹപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നത്. വിഷം കലര്‍ത്തിയ ഭാഗങ്ങളില്‍ രൂക്ഷ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.വിഷം കലര്‍ത്തിയതിനാല്‍ മത്സ്യങ്ങള്‍ക്കൊപ്പം ഞണ്ട് ഉള്‍പ്പടെയുള്ള ജീവികളും ചത്തുപൊങ്ങിയുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."