മുസ്‌ലിംകള്‍ക്ക് ഭീകരവാദികളാകാനാവില്ല, വാളെടുത്തവനോട് ജ്യൂസ് കുടിക്കാമെന്ന് പറയുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍: എം.വി ജയരാജന്‍
നീലേശ്വരം: അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍. നീലേശ്വരത്തു സി.പി.എം സംഘടിപ്പിച്ച സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളെടുത്തു വരുന്നവനോട് വാ മോനേ ജ്യൂസ് കുടിച്ചു പോകാമെന്ന് പറയുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റിനില്ല. ആത്മരക്ഷയ്ക്കു വേണ്ടിയുള്ള പ്രതിരോധമാണത്. അതു കമ്യൂണിസ്റ്റുകാരുടെ ഭരണഘടനയില്‍ തന്നെ പറഞ്ഞ കാര്യവുമാണെന്നും ജയരാജന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ പയ്യന്നൂര്‍ പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി മാപ്പു പറയുമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംകളെല്ലാം ഭീകരരല്ല, ഹിന്ദുക്കളെല്ലാം ആര്‍.എസ്.എസുമല്ല. മതത്തെയോ മതവിശ്വാസത്തെയോ ഒറ്റപ്പെടുത്തേണ്ടതില്ല. ഭീകരവാദത്തെയാണു ഒറ്റപ്പെടുത്തേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതമാണ് ഇസ്‌ലാം. അവര്‍ക്കു ഭീകരവാദികളാകാനാവില്ല. ഐ.എസും ആര്‍.എസ്.എസും പരസ്പരപൂരകങ്ങളാണ്. മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട നാട്ടില്‍ ഭീകരവാദം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാബു അബ്രഹാം അധ്യക്ഷനായി. കവി മുരുകന്‍ കാട്ടാക്കട, സി.ഐ.ടി.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം കെ.പി നാരായണന്‍, നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, ടി.കെ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."