കരള്‍ രോഗിയായ19 കാരിയുടെ മരണത്തില്‍ ദുരൂഹത: ശരീരത്തില്‍ വിഷാംശം കണ്ടെത്തി
തളിപ്പറമ്പ്:കരള്‍ രോഗബാധയെത്തുടര്‍ന്നു മരിച്ച കൂവേരി കൊട്ടക്കാനത്തെ 19 കാരിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തി. എം.ഹരിദാസിന്റെ മകള്‍ നവമി ഹരിദാസിന്റെ(19) ശരീരത്തിലാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ പാത്തോളജി പരിശോധനയില്‍ വിഷാംശം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ആശുപത്രിയിലെ ഡോക്ടര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിക്കു വിവരം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഇന്‍ക്വസ്റ്റ് നടത്താനായി ആര്‍.ഡി.ഒ തഹസില്‍ദാര്‍ പി.വി. സുധീഷിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് അയച്ചിരുന്നു. തളിപ്പറമ്പ് പൊലിസും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കൊച്ചിയിലേക്കു പോയിരുന്നു. ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നവമിയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്.
ഇന്നുരാവിലെ പൊലിസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മരിച്ച നവമിയുടെ ബന്ധുകൂടിയായ കെ.രാജേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലിസ് രജിസ്റ്റര്‍ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് നവമിയുടെ മരണത്തില്‍ ദുരൂഹതയ്ക്കു കാരണമായത്.
വിശദമായ പരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലിസ്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവമിയുടെ കരള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതേതുടര്‍ന്നു കരള്‍ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ നടക്കാനിരിക്കവെയാണു കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചൊവ്വാഴ്ച്ച നവമി മരണത്തിനു കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."