വീട്ടുവളപ്പില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ വെട്ടിക്കടത്തി
മറയൂര്‍: മറയൂരിലെ സ്വാകാര്യ -റവന്യു ഭൂമികള്‍ കേന്ദ്രീകരിച്ച് ചന്ദന മാഫിയ സജീവമാകുന്നു. ഇന്നലെ പുലര്‍ച്ചെയൊടെ ഇടക്കടവ് സ്വദേശി വാഴക്കൂളത്തില്‍ രാജന്റെ വീട്ടുവളപ്പില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചുകടത്തി.
കര്‍ഷകനായ രാജനും കുടുംബവും താമസിക്കുന്ന വീടിന്റെ 50 മീറ്റര്‍ മാത്രം അകലത്തില്‍ നിന്നാണ് രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. വര്‍ഷങ്ങളായി ഇവര്‍ പരിപാലിച്ച സംരക്ഷിച്ച് വന്ന പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന മരങ്ങളാണ് നഷ്ടമായത്.
ഇടക്കടവ് മേഖലയില്‍ കാട്ടാന ശല്യവും വന്യമൃഗ ശല്യവും രൂക്ഷമായതിനാല്‍ വളര്‍ത്തുനായ് കൂട്ടില്‍ക്കിടന്ന് അസ്വാഭാവികമായി കുരച്ചെങ്കിലും കാട്ടാന ആയിരിക്കാമെന്ന് കരുതി വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വളര്‍ത്തുനായയെ പുലി കടിച്ച് കൊന്നിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ മറയൂര്‍ മേലയില്‍ നിന്നൂം നാല് ചന്ദന മരങ്ങളാണ് നഷ്ടമായത്.
മറയൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വളപ്പില്‍ നിന്നും ജനവാസ കേന്ദ്രമായ കോട്ടക്കുളം ഭാഗത്ത് നിന്നും രണ്ട് ചന്ദനമരങ്ങള്‍ വെട്ടിക്കടത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും വനപാലകര്‍ അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഒറ്റദിവസം കൊണ്ട് രണ്ട് ചന്ദന മരങ്ങള്‍ വെട്ടികടത്തിയത്. ചന്ദന മരങ്ങള്‍ മോഷണം പോയ വിവരം രാജന്‍ കാന്തല്ലൂര്‍ വനം വകുപ്പ് സ്റ്റേഷനില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."