കടലാക്രമണം: മത്സ്യത്തൊഴിലാളികള്‍ക്ക് പാക്കേജ്, അഞ്ചുകിലോ സ്പെഷ്യല്‍ അരി
തിരുവനന്തപുരം: വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരുദ്ധാരണ പദ്ധതിക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്നും ഭാഗികമായി വിനിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 100കോടി രൂപ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് നല്‍കണമെന്ന ഭേദഗതികൂടി മന്ത്രിസഭ അംഗീകരിച്ചു.
രൂക്ഷമായ കടലാക്രമണത്തിന്റെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ അഞ്ചുകിലോ അരി സ്പെഷ്യല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യും. ഇതിനുള്ള ചെലവ് സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ നിന്നും നല്‍കും.
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഒന്നാം ഘട്ടമായി 16 ഉള്‍നാടന്‍ മത്സ്യഭവനുകള്‍ പുതുതായി ആരംഭിക്കും. ഇതിലേക്ക് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസറുടെയും സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസിന്റെയും 16 വീതം തസ്തികകള്‍ സൃഷ്ടിക്കും.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആലപ്പുഴ- ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മാണം, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പുനര്‍നിര്‍മാണം തുടങ്ങിയവയ്ക്ക് ആവശ്യമായിവരുന്ന തുക കേരള പുനര്‍നിര്‍മാണത്തിനായി ലോക ബാങ്ക് ലഭ്യമാക്കുന്ന വായ്പയില്‍ നിന്നും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."