പുന്നത്തുറ-കമ്പനിക്കടവ് പാലം അപകടാവസ്ഥയില്‍; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
ഏറ്റുമാനൂര്‍: പുന്നത്തുറ -കമ്പനിക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളേറെ. നിര്‍മാണാനുമതി ലഭിച്ച് ഒരു പതിറ്റാണ്ട് ആകുമ്പോഴും പാലം പണി എങ്ങുമെത്തിയില്ല. 2009ല്‍ മോന്‍സ് ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രി തോമസ് ഐസക് മാന്ദ്യ വിരുദ്ധ പാക്കേജ് പദ്ധതിയില്‍ 10 കോടി രൂപ വകയിരുത്തി പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചതാണ്്.
പുതിയ പാലത്തിന് ഇരുകരകളിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 1.5 കോടി രൂപ പൊന്നുംവില കൊടുത്ത് ഭൂമി ഏറ്റെടുത്തു. പിന്നീട് രണ്ട് മീറ്റര്‍ ഉയര്‍ത്തി പുതിയ പാലത്തിന് രൂപരേഖ തയ്യാറാക്കി 8.5 കോടി മതിപ്പ് തുകയില്‍ ടെന്‍ഡര്‍ ചെയ്ത് നടപടി തുടങ്ങിയെങ്കിലും കരാറുകാരന്‍ പണി തുടങ്ങിയില്ല.ഇതിനിടയില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭ നടപടികള്‍ സ്വീകരിച്ചു.
ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ., ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഇടപെട്ട് പാലം നിര്‍മാണം പുനരാരംഭിക്കല്‍ നടപടി സ്വീകരിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ പുതിയ രൂപരേഖയും എസ്റ്റിമേറ്റും വേണ്ടിവന്നു.
മണ്ണ് പരിശോധന, പുതിയ സ്‌കെച്ച് എന്നിവ ഉണ്ടാക്കാന്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും ആരും എടുക്കാന്‍ തയ്യാറായില്ല. ഇനി ക്വട്ടേഷന്‍ കൊടുത്ത് നടപടി പുതുതായി ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം പത്തു വര്‍ഷമായി ശ്രമിച്ചിട്ടും പാലം നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല.
മഹാപ്രളയത്തില്‍ വന്‍ വൃക്ഷങ്ങളും ഇല്ലികളും ചുവടോടെ ഒഴുകിവന്ന് പാലത്തില്‍ തടഞ്ഞു നിന്ന് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം നേരിട്ടിരിക്കുകയാണ്. ഭാരവണ്ടികള്‍ കയറുമ്പോള്‍ പാലം കുലുങ്ങുന്നു. കൈവരികള്‍ രണ്ടും ഇളകിയാടുന്നു. ആറിന്റെ അടിത്തട്ട് ശക്തമായ ഒഴുക്കില്‍ ഇളകി പോയതും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമായി. പാലം ഏതു നിമിഷവും തകര്‍ന്നു വീഴാമെന്ന് നാട്ടുകാര്‍ ഭയക്കുന്നു.
അടിയന്തിരമായി പാലം നിര്‍മ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ ജനകീയ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിങ്കാളാഴ്ച കമ്പനിക്കടവില്‍ ജനകീയ ധര്‍ണ നടത്തും. സമരം വന്‍ വിജയമാക്കണമെന്ന് ജനകീയ സമിതി ഭാരവാഹികളായ പ്രസിഡന്റ് ജോളി എട്ടുപറ സെക്രട്ടറി റ്റി. എ. മണി എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."