വീണ്ടും കുന്നിടിക്കല്‍ തുടങ്ങി
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കുന്നിടിച്ചുള്ള മണ്ണെടുപ്പ് വീണ്ടും സജീവമാകുന്നു. വെള്ളറക്കാട് കൈതമാട്ടത്തിലാണ് അനധികൃത മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്.
ജില്ലയില്‍ തന്നെ വന്‍തോതില്‍ മണ്ണെടുപ്പ് നടത്തുന്ന മേഖലയാണ് കടങ്ങോട് പഞ്ചായത്ത്. പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള വെള്ളറക്കാട് ,കൈതമാട്ടം, പള്ളിമേപ്പുറം, ചിറമനേങ്ങാട്, നെല്ലിക്കുന്ന് എന്നി പ്രദേശങ്ങളില്‍ കുന്നിടിച്ചുള്ള മണ്ണെടുപ്പ് വ്യാപകമായി തുടരുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ണ് കയറ്റി അമിത വേഗത്തില്‍ സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശിയായ ജയറാമിന്റെ മകന്‍ അലീഷാണ് മരിച്ചത്. അമ്മയോടൊപ്പം സഹോദരനെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഇവര്‍ താമസിക്കുന്ന വീടിന് മുന്നിലൂടെ കടന്നു പോകുന്ന വെള്ളറക്കാട്- തിപ്പലശ്ശേരി റോഡിലൂടെ ദിനം പ്രതി നൂറ്കണക്കിന് ടിപ്പര്‍ ലോറികളാണ് സഞ്ചരിക്കുന്നത്. മെറ്റല്‍ ക്രഷറുകളില്‍നിന്നും കരിങ്കല്‍ ക്വാറികളില്‍ നിന്നും ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് പുറമെയാണ് ചെങ്കല്‍ മടകളില്‍നിന്നും മണ്ണെടുപ്പ് കേന്ദ്രങ്ങളില്‍ നിന്നും ടിപ്പര്‍ ലോറികള്‍ കുതിച്ച് പായുന്നത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള കൈതമാട്ടം കുന്നിലാണ് ഇപ്പോഴും മണ്ണെടുപ്പ് നടത്തി കൊണ്ടിരിക്കുന്നത്.നിരവധി കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്.
പഞ്ചായത്ത് മെംബര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും കണ്‍മുന്നിലാണ് അനധികൃത മണ്ണെടുപ്പ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിനെതിരേ പരാതിപ്പെടാനോ തടയാനോ പൊതു പ്രവര്‍ത്തകര്‍ മുന്നോട്ട് വരാത്തത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തുലാവര്‍ഷം തുടങ്ങിയാല്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ഭൂവിനിയോഗ ബോര്‍ഡും വനപരിസ്ഥിതി മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ണെടുപ്പ് ,കരിങ്കല്‍, ചെങ്കല്‍ ഖനന പ്രദേശങ്ങളിലാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."