മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
ആറുദിവസം പൊലിസ് കസ്റ്റഡിയില്‍
തലശേരി: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനായ കുണ്ടുചിറ സ്വദേശി പൊട്ട്യന്‍ സന്തോഷ് എന്ന വി.പി സന്തോഷിന്റെ (30) അറസ്റ്റ് ജയിലില്‍വച്ച് പൊലിസ് രേഖപ്പെടുത്തി.
പൊലിസിന്റെ അപേക്ഷയില്‍ ചോദ്യംചെയ്യാനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റായിരുന്ന എം.പി സുമേഷ് വധശ്രമക്കേസില്‍ തലശേരി പ്രിന്‍സിപ്പല്‍ സബ് കോടതി സന്തോഷിനെ തിങ്കളാഴ്ച 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കവെയാണ് സി.ഒ.ടി നസീര്‍ വധശ്രമകേസില്‍ പ്രതിയായ ഇയാളുടെ അറസ്റ്റ് പൊലിസ് ജയിലിലെത്തി രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച സുമേഷ് വധശ്രമക്കേസില്‍ വിധി പറയവേ തലശേരിയിലെത്തിയ സന്തോഷ് അവസാന നിമിഷം കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. അതിനാല്‍ ഇയാളെ അന്ന് അറസ്റ്റ് ചെയ്യാന്‍ പൊലിസിനായിരുന്നില്ല. ചൊക്ലി സ്വദേശിയായ സന്തോഷിനായി പൊലിസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു.
സന്തോഷിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ സന്തോഷ് പ്രതിയാണെന്നു കാണിച്ച് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ആറുദിവസത്തേക്കാണു ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
നസീറിനെ വധിക്കാന്‍ ശ്രമിച്ചതില്‍ സന്തോഷ് മുഖ്യസൂത്രധാരനാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷിനെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും അന്വേഷണ സംഘം വിധേയമാക്കും. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാസെഷന്‍സ് കോടതി തള്ളി.
പൊന്ന്യം വെസ്റ്റ് ചേരിപുതിയ വീട്ടില്‍ കെ. അശ്വന്ത് (20), കൊളശ്ശേരി മുക്കിലെ കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരുടെ ജാമ്യ ഹരജിയാണു കോടതി തള്ളിയത്. നേരത്തെ മൂന്നുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. കഴിഞ്ഞ മെയ് 18നായിരുന്നു തലശേരി കായ്യത്ത് റോഡ് പരിസരത്ത് അക്രമികള്‍ സി.ഒ.ടി നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."