റോസ്മല ഉപകേന്ദ്രത്തില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: കുളത്തൂപുഴ പഞ്ചായത്തിലെ റോസ്മല ഉപകേന്ദ്രത്തില്‍ അടിയന്തരമായി ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ ജനവിഭാഗത്തിന്റെ ആരോഗ്യപരിസ്ഥിതി പ്രശ്‌നങ്ങളില്‍ പഞ്ചായത്തും ജില്ലാ മെഡിക്കല്‍ ഓഫിസറും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ ഇതര മേഖലകളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ റോസ്മല നിവാസികള്‍ക്ക് നിഷേധിക്കരുതെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സോളാര്‍ കമ്പിവേലിയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ വനം വകുപ്പ് നടപടിയെടുക്കണം. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ രാത്രി കാലത്ത് റബര്‍ മരങ്ങളില്‍ കീടനാശിനി പമ്പ് ചെയ്യുന്നത് ആരോഗ്യ-കൃഷി വകുപ്പുകള്‍ നിയന്ത്രിക്കണമെന്നും കമ്മിഷന്‍ പറഞ്ഞിട്ടുണ്ട്.
പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമല്ലെന്ന് പ്രദേശവാസിയായ ബാബുരാജ് നല്‍കിയ പരാതിയില്‍ പറയുന്നു. റോസ്മല ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പാളിച്ചയുണ്ടെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കമ്മിഷനോട് സമ്മതിച്ചു.
മുന്നും നാലും പഞ്ചായത്തുകള്‍ താണ്ടി 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ റോസ്മല നിവാസികള്‍ക്ക് ആശുപത്രിയിലെത്താന്‍ കഴിയുകയുള്ളൂ. റോസ്മല ഉപകേന്ദ്രത്തില്‍ സ്ഥിരം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെയും ഇന്‍സ്‌പെക്ടറെയും നിയമിക്കാമെന്നും സി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ വിദഗ്ധരായ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കണം.
റബര്‍ മരങ്ങളില്‍ കീടനാശിനി അനിയന്ത്രിതമായി തളിക്കുന്നതിനെ കുറിച്ച് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ച് 45 ദിവസത്തിനകം ഡി.എം.ഒ, പഞ്ചായത്ത് സെക്രട്ടറി, പരാതിക്കാരന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."