'ശിശുമരണത്തെ കുറിച്ച് അറിയേണ്ടവര്‍ പുറത്തു പോണം'- മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഒഴിഞ്ഞു മാറി ബിഹാര്‍ ഉപമുഖ്യമന്ത്രി
പട്‌ന: ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ മരണപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി. ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
'ബാങ്കേഴ്‌സ് ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടതാണ് മീറ്റിങ്ങെന്ന് ഞാന്‍ ആദ്യം തന്നെ വ്യക്തമാക്കിയതാണ്. അതല്ലാത്ത മറ്റൊരു വിഷയവും ഇവിടെ പ്രസക്തമല്ല. കുട്ടികളെക്കുറിച്ച് ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ ദയവായി പുറത്തുപോകണം'- സുശീല്‍ മോദി പറഞ്ഞു.
ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാഴ്ചയ്ക്കിടെ 117 കുട്ടികള്‍ മരണപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ചൊവ്വാഴ്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം സുശീല്‍ മോദിയും മുസഫര്‍പൂരിലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്. ഇതാണ് സുശീല്‍ മോദിയെ ചൊടിപ്പിച്ചത്.
നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാനമായ ചോദ്യത്തോട് മുഖംതിരിച്ചിരുന്നു. അനുരാഗ് നാരായണ്‍ സിങ്ങിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെയായിരുന്നു സംഭവം. നേരത്തെ മുസഫര്‍പൂര്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നിതീഷ് കുമാറിനു നേരിടേണ്ടിവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."