ഓടാന്‍ ബസില്ല: റോഡ് നന്നാക്കിയിട്ടെന്ത് കാര്യം
പേരാമ്പ്ര: കോടിക്കണക്കിനു രൂപ ചെലവഴിച്ച് റോഡുകള്‍ പണിതിട്ടും ഇതേ റൂട്ടില്‍ സര്‍വിസ് നടത്താന്‍ ബസില്ല. കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചക്കിട്ടപാറ, കൂരാച്ചുണ്ട്, താനിയോട് മേഖലകളെ പേരാമ്പ്ര ടൗണുമായി ബന്ധിപ്പിക്കുന്ന ചക്കിട്ടപാറ താനിക്കണ്ടി-പേരാമ്പ്ര റോഡ്, വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയെ പേരാമ്പ്ര ടൗണുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ആവടുക്ക-വിളയാട്ടുകണ്ടിമുക്ക്-പേരാമ്പ്ര റോഡ്, പന്തിരിക്കര-കോക്കാട്-പേരാമ്പ്ര റോഡ് എന്നിവയാണ് വന്‍തുക ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ബസുകളില്ലാത്തത്.
പേരാമ്പ്ര-താനിക്കണ്ടി റോഡിന് രണ്ടര കോടി രൂപ അനുവദിച്ചാണ് ടൗണിനോടു ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ ദൂരം പുനര്‍നിര്‍മിച്ചത്. നേരത്തെ ഇവിടെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പത്തോളം ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. നിലവില്‍ ഒരു ബസ് മാത്രമാണ് ഇതിലൂടെ സര്‍വിസ് നടത്തുന്നത്. മാസങ്ങളായി റൂട്ടില്‍ സമാന്തര സര്‍വിസുകളെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. വൈകീട്ട് ആറോടെ
ഇവ സര്‍വിസ് നിര്‍ത്തുന്നതിനാല്‍ ജോലി കഴിഞ്ഞെത്തുന്നവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ പ്രയാസത്തിലാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് അടുത്ത ദിവസം യാത്രക്കാരുടെ യോഗം വിളിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. നിരവധി വിദ്യാലയങ്ങളും മതസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖല ജില്ലയിലെ പ്രധാന കാര്‍ഷികമേഖല കൂടിയാണ്.
ജില്ലയിലെ തന്നെ ആദ്യ റോഡുകളിലൊന്നായ ആവടുക്ക-വിളയാട്ടുകണ്ടിമുക്ക് റോഡ് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. നിര്‍മാണം പൂര്‍ത്തിയായി പത്തു വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞെങ്കിലും ഇതുവരെ ബസ് റൂട്ടായില്ല. പന്തിരിക്കര-കോക്കാട് -വിളയാട്ടുകണ്ടിമുക്ക് റോഡ് 55 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. നിര്‍മാണം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ഇതിലൂടെയും ബസ് റൂട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."