ഇഖാമ പുതുക്കല്‍; സര്‍ക്കാര്‍ പദ്ധതികളിലെ സ്വകാര്യ കമ്പനികള്‍ക്ക് ആശ്വാസമേകി സഊദി മന്ത്രിസഭ
റിയാദ്: താമസരേഖയായ ഇഖാമ പുതുക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടാകുന്നത് മൂലമുള്ള പിഴയില്‍ നിന്ന് ആശ്വാസമേകുന്ന സഊദി മന്ത്രിസഭാ തീരുമാനം സ്വകാര്യ കമ്പനികള്‍ക്ക് ആശ്വാസമായി. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന സ്വകാര്യ കരാര്‍ കമ്പനികളെയാണ് ഇഖാമ പുതുക്കുന്നതിന് കാലതാമസം വരുത്തുന്നതിനുള്ള പിഴയില്‍ നിന്നും മന്ത്രിസഭ ഒഴിവാക്കിയത്. പദ്ധതികള്‍ നടപ്പാക്കിയ വകയിലുള്ള വിഹിതം ലഭിക്കുന്നതിന് കാലതാമസം വന്നതിനാല്‍ ഇഖാമ പുതുക്കി നല്കാന് വൈകിയ കമ്പനികള്‍ക്കാണ് ഇളവ്. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനികള്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനം കൈക്കൊണ്ടത്.
ചില നിബന്ധനകളോടെയാണ് ഇക്കാര്യത്തില്‍ കമ്പനികള്‍ക്ക് ഇളവ് ലഭിക്കുകയുള്ളൂ. ഇഖാമ പുതുതുക്കാനാവാത്ത തൊഴിലാളികള്‍ ഏതൊരു പദ്ധതിയിയിലാണോ കുടിശ്ശിക ലഭിക്കാനുള്ളത് അതെ പദ്ധതിയില്‍ തന്നെ ജോലി ചെയ്യുന്നവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ധനമന്ത്രാലയത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കൂടാതെ, ചില തീരുമാനങ്ങള്‍ കൂടി മന്ത്രിസഭ അംഗീകരിച്ചു. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം വ്യവസ്ഥകള്‍ക്ക് വിധേയമായി എഴുപതു വയസ്സു വരെ ദീര്‍ഘിപ്പിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രിക്ക് മന്ത്രിസഭാ യോഗം അധികാരം നല്കി. ആരോഗ്യ മേഖലയില്‍ സഹകരിക്കുന്നതിന് മൗറിത്താനിയയുമായി ഒപ്പുവച്ച ധാരണാപത്രത്തിനും കസ്റ്റംസ് മേഖലയില്‍ സഹകരിക്കുന്നതിന് ഇറാഖുമായി ഒപ്പുവച്ച ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."