സേവനം ജീവിതമാക്കി വലകെട്ടുകാരുടെ കുഞ്ഞമ്മദ്
ചേരാപുരം: ആതുരശുശ്രൂഷ ഒരു നാടിനെയും നാട്ടുകാരെയും എങ്ങനെ മാറ്റി മറിച്ചുവെന്ന കഥയാണു കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത വേളം വലകെട്ട് ദേശത്തിനു പറയാനുള്ളത്. വലകെട്ടുകാരുടെ പ്രിയപ്പെട്ട കിണറുള്ളതില്‍ കുഞ്ഞമ്മദ് ഇക്കാര്യം നമ്മോടു പറയും. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങില്‍ സമാനതകളില്ലാത്ത നേട്ടം ഈ ഗ്രാമം കൈവരിച്ചതിനു പിന്നിലെ ചാലകശക്തി നാട്ടുകാരുടെ സ്വന്തം കുഞ്ഞമ്മദ്ക്കയെന്ന ഈ മധ്യവയസ്‌കനാണ്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ ആദ്യം നാം സംശയത്തോടെ വീക്ഷിക്കും. എന്നാല്‍ ഇറങ്ങിത്തിരിച്ചാല്‍ പീന്നീടതൊരു ജീവിതലഹരിയായി മാറും.
കിടപ്പിലായ രോഗികളെ സന്ദര്‍ശിക്കുകയും അവരെ ശുശ്രൂഷിച്ച് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുകയെന്നതും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആത്മസംതൃപ്തിയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു.
നമ്മള്‍ മുന്നിട്ടിറങ്ങിയാല്‍ നാടും നമ്മോടൊപ്പം ചേരാതിരിക്കില്ലെന്നു സ്വന്തം അനുഭവത്തില്‍ നിന്ന് കുഞ്ഞമ്മദ്ക്ക ഉറപ്പിച്ചു പറയുന്നു. വലകെട്ടിലെ എറ്റുമ്മല്‍ മൂസയുടെയും കുഞ്ഞയിശയുടെയും മൂത്ത മകന്‍ 51കാരന്‍ കുഞ്ഞമ്മദ് വലകെട്ട് മഹല്ലിന്റെ ഭാരവാഹിയും പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വേളത്തിന്റെ സാരഥിയുമാണ്. ഇതിനെല്ലാമുപരി വലകെട്ടുകാര്‍ക്ക് കുഞ്ഞമ്മദ്ക്കയെന്നാല്‍ എല്ലാമെല്ലാമാണ്. രാഷ്ട്രീയവും മതവും സാസ്‌കാരികവും ആതുരസേവനവും എല്ലാം ജീവിതവഴിയായി കണ്ട മനുഷ്യന്‍.
വലകെട്ടില്‍ ഒരു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാലിയേറ്റീവ് സൊസൈറ്റിക്ക് ഇപ്പോള്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ കെട്ടിടമുണ്ട്. കുഞ്ഞമ്മദിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ട അധ്യാപകനായ എന്‍.വി.അബ്ദുല്ല മാസ്റ്ററായിരുന്നു പദ്ധതിയുടെ തുടക്കക്കാരന്‍. ഖത്തര്‍ കെ.എം.സി.സി നല്‍കിയ ആംബുലന്‍സുമായി കിടപ്പുരോഗികള്‍ക്ക് ഹോംകെയര്‍ നല്‍കിയായിരുന്നു ആരംഭം. പിന്നീട് കെട്ടിടം സ്ഥാപിക്കാനായി റോഡരികല്‍ തന്നെ അഞ്ചുസെന്റ് സ്ഥലം നാട്ടുകാരിലൊരാള്‍ നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ ലഭിച്ചു.
നാട്ടുകാരുടെ സഹായത്തോടെ 14 ലക്ഷത്തിന്റെ കെട്ടിടം യാഥാര്‍ഥ്യമായി. ഇന്ന് ഫിസിയോ തെറാപ്പിസെന്റര്‍, മാസത്തില്‍ രണ്ട് തവണ ഡോക്ടറുടെ ഒ.പി, മരുന്നുകള്‍, രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍, സ്റ്റുഡന്റ്‌സ് വളണ്ടിയര്‍ വിങ്, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ തുടങ്ങി വിവിധ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളുമായി നാട്ടിലും പുറത്തും നിറഞ്ഞു നില്‍ക്കുകയാണ് വലകെട്ടിലെ പാലിയേറ്റീവ് കേന്ദ്രം. രോഗികള്‍ക്ക് ആശ്വാസം മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം അവശ്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റും വിതരണം ചെയ്യുന്നു. പാലിയേറ്റീവ് സെന്ററിന് സഹായകമായും അതിനോടു സഹകരിച്ചുമാണ് മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രദേശത്തെ വൃക്കരോഗികള്‍ക്ക് മാസം തോറും സാമ്പത്തിക സഹായവും കമ്മിറ്റി നല്‍കുന്നുണ്ട്.
നാട്ടിലെ പുതുതലമുറയെ സേവനവഴികളിലേക്ക് നയിക്കാന്‍ കുഞ്ഞമ്മദ്ക്കയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചുവെന്നതാണ് മറ്റൊരു പ്രധാനകാര്യം. പ്രദേശത്തെ ചെറുപ്പക്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മ രോഗികളെ സഹായിക്കാനായി 50 ലക്ഷം രൂപയുടെ ഫണ്ട് ഇപ്പോള്‍ തന്നെ സമാഹരിച്ചു കഴിഞ്ഞു.
രോഗവും പ്രയാസങ്ങളും കൊണ്ടു വലയുന്നുണ്ടെങ്കിലും വീട്ടിലിരുന്നും കുഞ്ഞമ്മദ് ഇവര്‍ക്കെല്ലാം ആശയും ആവേശവും നല്‍കുകയാണ്. നല്ല പൊതുപ്രവര്‍ത്തകനുളള സി.കെ.കുഞ്ഞമ്മദ് സ്മാരക അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ഈയിടെ ആദരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."