ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആദ്യം വെളിപ്പെടുത്തിയത് സി.പി.എം ജില്ലാസെക്രട്ടറി
കണ്ണൂര്‍: ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം തിരുവനന്തപുരത്ത് മന്ത്രിയുടെ പ്രഖ്യാപനത്തിനു മുന്‍പ് വെളിപ്പെടുത്തിയത് സി.പി.എം ജില്ലാ സെക്രട്ടറി.
ആത്മഹത്യചെയ്ത സാജന്റെ കൊറ്റാളി അരയമ്പേത്തെ വീട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി, സംസ്ഥാനസമിതി അംഗം പി. ജയരാജന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം എം.വി ജയരാജനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് വൈകരുത്. സാജന്റെ കുടുംബത്തിനു നീതികിട്ടണം. കണ്‍വന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ ഇതിനുശേഷമായിരുന്നു വൈകിട്ട് നിയമസഭ പിരിഞ്ഞതിനു ശേഷം തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ജീവനക്കാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത വിവരം പാര്‍ട്ടി പ്രഖ്യാപിച്ചല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണു സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ നാടകമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."