മൊറട്ടോറിയം കാലയളവില്‍ ബാങ്കുകളുടെ റിക്കവറി നടപടികളുമായി സഹകരിക്കില്ല: മന്ത്രി
തിരുവനന്തപുരം: മൊറട്ടോറിയം കാലയളവില്‍ ബാങ്കുകള്‍ നടത്തുന്ന റിക്കവറി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ച മൊറട്ടോറിയത്തിന് അനുമതി നിഷേധിച്ച റിസര്‍വ് ബാങ്കിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി യോഗം അംഗീകരിച്ച പ്രകാരമുള്ള മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയ തീരുമാനത്തിന് വിരുദ്ധമായി ബാങ്കുകള്‍ കര്‍ഷകര്‍ക്കെതിരേ സ്വീകരിക്കുന്ന ജപ്തി അടക്കമുള്ള ഒരു നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മോറട്ടോറിയം വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കാര്‍ഷിക വായ്പക്കുള്ള മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ ദുരിതം വിശദീകരിച്ചും ദീര്‍ഘിപ്പിച്ച മോറട്ടോറിയത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടും ആര്‍.ബി.ഐ ഗവര്‍ണറെ നേരിട്ടുകാണുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ കര്‍ഷകര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എല്ലാവിധ കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും ഉള്‍പ്പെടെയുള്ള എല്ലാ വായ്പകളിന്മേലുമുള്ള ജപ്തി നടപടികള്‍ക്ക് 2018 ഒക്ടോബര്‍ 12 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മെയ് 27ന് റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക, കാര്‍ഷികേതര വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചും ഉത്തരവായി. എന്നാല്‍, പ്രളയബാധിത പ്രദേശങ്ങളിലെ ലോണുകളുടെ പുനഃക്രമീകരണത്തിനുള്ള കാലാവധി ഇനിയും നീട്ടാനാവില്ലെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."