സ്ഥാപനങ്ങളിലെ പരിശോധന ബിലീവേഴ്‌സ് സഭ പൊട്ടിത്തെറിയുടെ വക്കില്‍
കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തും സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ആദായനികുതി വികുപ്പും നടത്തിയ പരിശോധനയില്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ പുറത്തുവന്നതിനുപിന്നാലെ സഭയ്ക്കുള്ളില്‍ ഉയരുന്നത് കടുത്ത പ്രതിഷേധം.
വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാ വൈദികരും വിശ്വാസികളുടെ കൂട്ടായ്മയായ സേവ് ബിലീവേഴ്‌സ് ഫോറവും വിദേശത്തുള്ള സഭാ സ്ഥാപകനും മെത്രാപ്പൊലിത്തയുമായ ഡോ. കെ.പി യോഹന്നാന് ഇ- മെയില്‍ സന്ദേശമയച്ചു.
കള്ളപ്പണം പിടിച്ചത് വിശ്വാസികളെ സമൂഹമധ്യത്തില്‍ പരിഹാസ്യരാക്കുന്നു. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് മെത്രാപ്പൊലിത്ത മറുപടി പറയണം. വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ കാര്യങ്ങള്‍ വിശദമാക്കണം. സഭയുടെ ഔദ്യോഗിക വക്താവും ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളിയില്‍ അടക്കമുള്ള മൂന്നുപേര്‍ക്കെതിരേ നടപടിയെടുക്കണം. അഞ്ചുദിവസത്തെ പരിശോധനയില്‍ പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത 14.5 കോടി രൂപയ്ക്ക് ഇവര്‍ മറുപടി പറയണമെന്നും ഇ- മെയിലില്‍ സന്ദേശത്തിലുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി അയച്ച ഇ-മെയിലുകള്‍ക്ക് അമേരിക്കയിലുള്ള കെ.പി യോഹന്നാന്‍ ഒരു മറുപടിയും നല്‍കിയിട്ടില്ല. അതിനിടെ, തിങ്കളാഴ്ച രാത്രി 8.30ന് ഗ്ലോറിയസ് ഗോസ്പല്‍ എന്ന എഫ്.ബി പേജില്‍ യോഹന്നാന്‍ തത്സമയം വിശ്വാസികള്‍ക്ക് വിശദീകരണം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി.
ഫാ. സിജോ അടക്കമുള്ള മൂവര്‍ സംഘത്തിനെതിരേ നേരത്തെയും സഭയ്ക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന് വിശ്വാസികള്‍ വ്യക്തമാക്കി. ഒടുവില്‍ കോടികളുടെ കള്ളപ്പണം പിടിച്ച പരിശോധന സഭയെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിട്ടും മെത്രാപ്പൊലിത്ത മൗനംതുടരുന്നതില്‍ കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണ് വിശ്വാസികള്‍.
രണ്ടുദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ സ്വന്തംനിലയ്ക്ക് നിയമനടപടി സ്വീകരിക്കുമെന്ന് സേവ് ബിലീവേഴ്‌സ് ഫോറം അറിയിച്ചു. ഇക്കാര്യത്തില്‍ സഭാ സെക്രട്ടറിയും യോഹന്നാന്റെ മരുമകനുമായ ഡോ. ഡാനിയല്‍ ജോണ്‍സണും മൗനംവെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ, യോഹന്നാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കിയെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കനേഡിയന്‍ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പിരിച്ച കണക്കില്‍പ്പെടാത്ത 6,000 കോടി രൂപ ബിലീവേഴ്‌സ് ചര്‍ച്ച് രാജ്യത്ത് എത്തിച്ചതായാണ് കണ്ടെത്തല്‍. പ്രാഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്ന് വ്യക്തമായി.
ഇതിന്റെ രേഖകളും വിവിധ രാഷ്ട്രീയ നേതാക്കള്‍ അമേരിക്കയില്‍ നടത്തിയ ചികിത്സയുടെ ചെലവുകള്‍ സഭ വഹിച്ചതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഹവാലാ ഇടപാടും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."