പുകയില പരസ്യത്തിന് പുതുതന്ത്രവുമായി നിര്‍മാതാക്കള്‍
തളിപ്പറമ്പ്: പുകയില നിയന്ത്രണ നിയമപ്രകാരം പരസ്യങ്ങള്‍ക്കുള്ള നിയന്ത്രണം മറികടക്കാന്‍ പുതുതന്ത്രവുമായി നിര്‍മാതാക്കള്‍. സമൂഹമാധ്യമം വഴി വലിയ രീതിയില്‍ പ്രചരിക്കുന്ന പുകയില ഉില്‍പന്ന പരസ്യ വിഡിയോകള്‍ക്കു പിന്നില്‍ ഇതിന്റെ നിര്‍മാതാക്കളാണെന്നാണു സംശയം. ഗതകാല സ്മരണയെന്ന രീതിയിലാണു 1960കളില്‍ സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ബീഡിയുടെ പരസ്യവിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇന്ന് ഇങ്ങിനെ ഒരു പരസ്യം ഒരിക്കലും സാധ്യമല്ലെന്നും വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനു പിന്നിലുള്ള കഥയറിയാതെ വിഡിയോ കൈമാറ്റം ചെയ്തവര്‍ കുടുങ്ങുമെന്നുള്ള സൂചനകളാണു പുറത്തുവരുന്നത്.
2003ല്‍ നിലവില്‍ വന്ന കോട്പ നിയമത്തിന്റെ നാലാംവകുപ്പ് അനുസരിച്ച് പൊതു ഓഫിസുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുഗതാഗത സംവിധാനം തുടങ്ങിയ ഇടങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചാംവകുപ്പ് പ്രകാരം എല്ലാ പുകയില പരസ്യങ്ങളും പ്രചാരണ പരിപാടികളും സ്‌പോണ്‍സര്‍ഷിപ്പ് പരിപാടികളും നിരോധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിയമത്തിന്റെ ആറാംവകുപ്പ് പ്രകാരം വിലക്കിയതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റും നൂറു വാരയ്ക്കുള്ളില്‍ (91.4 മീറ്റര്‍) പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് കോട്പ നിയമം.
ഇതിന്റെയൊക്കെ നഗ്നമായ ലംഘനമാണു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പരസ്യ വിഡിയോ എന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി കൈമാറിയവരെയും കൈമാറപ്പെട്ടവരെയും ഗ്രൂപ്പ് അഡ്മിന്‍മാരെയും ഒരുപോലെ ബാധിക്കുന്ന വിഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചതായാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."