ബിജുരമേശിന്റെ ആരോപണത്തില്‍ പുതിയ അന്വേഷണത്തിനുള്ള നീക്കം നിയമവിരുദ്ധം
തിരുവനന്തപുരം: തനിക്കും മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കുമെതിരേ ബാര്‍ ഉടമ ബിജുരമേശ് ഉന്നയിച്ച കോഴ ആരോപണം വിജിലന്‍സ് രണ്ടു തവണ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതാണെന്നും ഇക്കാര്യത്തില്‍ പുതിയ അന്വേഷണത്തിനുള്ള നീക്കം നിയമ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്കി.
നേരത്തെ ബാര്‍ കോഴക്കേസ് അന്വേഷണ വേളയില്‍ ബിജു രമേശ് കോടതിയില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിജിലന്‍സ് രണ്ടു തവണ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതേ വിഷയത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും കേരള ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ കേസില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് യാതൊരു വിധ തെളിവുകളോ അടിസ്ഥാനമോ ഇല്ലെന്നും അതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നതാണ്. കൂടാതെ ഈ വിഷയത്തില്‍ സമര്‍പ്പിച്ച കേസ് ലോകായുക്തയും തള്ളിക്കളഞ്ഞിരുന്നു.
വിജിലന്‍സ് നിരവധി തവണ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം വീണ്ടും അന്വേഷണത്തിന് അനുമതി തേടിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായ സാധുതയില്ലെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."