കഴക്കൂട്ടത്തിനു കാവലായി കാമറക്കണ്ണുകള്‍ മിഴിതുറന്നു
കഴക്കൂട്ടം: ഐ.ടി നഗരത്തിനു സുരക്ഷയൊരുക്കി കാമറക്കണ്ണുകള്‍ മിഴി തുറന്നു. വ്യാപാരികളുടെയും റസന്‍ഡന്‍സ് അസോസിയേഷന്റെയും പൊലിസിന്റെയും സഹായത്തോടെ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴക്കൂട്ടം സ്റ്റേഷനില്‍ മന്ത്രി കടകംപള്ളി സുരേന്ദന്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.
ദേശീയ പാതയില്‍ കാര്യവട്ടം മുതല്‍ വെട്ടു റോഡ് വരെയുള്ള പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പതിനഞ്ചോളം കാമറകള്‍ ഇനിമുതല്‍ ഐ.ടി നഗരത്തിന്റെ രാപകലുകള്‍ ഒപ്പിയെടുക്കും. മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
3.45 ലക്ഷം രൂപ ചെലിവിട്ടാണ് പദ്ധതി തയാറാക്കിയത്. കാമറ ദൃശ്യങ്ങള്‍ 24 മണിക്കൂറും പൊലിസിന് നിരീക്ഷിക്കാന്‍ സാധിക്കും. എ.സിയുടെയും സി.ഐയുടെയും ഫോണിലും ദൃശ്യങ്ങള്‍ ലഭ്യമാകും. പേയിങ് ഗസ്റ്റുകള്‍ താമസിക്കുന്ന മുഴുവന്‍ സ്ഥലത്തും കാമറയും ലൈറ്റും അടിയന്തരമായി സ്ഥാപിക്കാനും പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്.
റേഞ്ച് ഐ.ജി. മനോജ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി ജി. സ്പര്‍ജന്‍കുമാര്‍, മേയര്‍ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ ആര്‍.ബി.കൃഷ്ണ, എ.സി എ.പ്രമോദ്കുമാര്‍, സി.ഐ. എസ്.അജയകുമാര്‍, എസ്.എസ്.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."