നൂറ്റിഅന്‍പതിന്റെ നിറവില്‍ നീലഗിരി; ആഘോഷമാക്കി സര്‍ക്കാര്‍
ഊട്ടി: ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഊട്ടി എച്ച്.എ.ഡി.പി ഓഡിറ്റോറിയത്തില്‍ നീലഗിരി ജില്ലയുടെ 150-ാമത് ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ നീലഗിരി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 960 പേര്‍ക്ക് 6.74 കോടി രൂപയുടെ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്തു.
നീലഗിരി ജില്ല നിലവില്‍ വന്നിട്ട് 150 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എസ്.പി വേലുമണി പരിപാടി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടില്‍ 36 വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം അധിവസിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നീലഗിരി ജില്ലയില്‍ ആറ് ഇനത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്നുണ്ട്. ഇരുളര്‍, കോത്തര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, മുള്ള കുറുമര്‍ തുടങ്ങിയ വിഭാഗങ്ങളാണവര്‍. നീലഗിരിയിലെ ആദിവാസികളില്‍ പലരും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. തേന്‍ ശേഖരിക്കുന്നവരും, തയ്യല്‍ ജോലി ചെയ്യുന്നവരും, കോഴി വളര്‍ത്തുന്നവരും, കന്നുകാലികളെ വളര്‍ത്തുന്നവരുമാണ്. 2011 മുതലുള്ള വര്‍ഷക്കാലത്തില്‍ നീലഗിരി ജില്ലയില്‍ സര്‍ക്കാര്‍ ഊട്ടി മേഖലയില്‍ 175 വിവിധ വികസന പ്രവൃത്തികള്‍ക്ക് 31.61 കോടി രൂപയും ഗൂഡല്ലൂര്‍ മേഖലയില്‍ 104 പ്രവൃത്തികള്‍ക്ക് 5.40 കോടി രൂപയും നെല്ലിയാളം നഗരസഭയില്‍ 182 പ്രവൃത്തികള്‍ക്ക് 10. 67 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നീലഗിരിയില്‍ റോഡ്, സംരക്ഷണഭിത്തി, നടപ്പാത, തെരുവ് വിളക്ക് തുടങ്ങിയ വികസന പ്രവൃത്തികള്‍ക്ക് 281 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ, നീലഗിരി എം.പി ഡോ. സി. ഗോപാലകൃഷ്ണന്‍, കെ.ആര്‍ അര്‍ജുനന്‍ എം.പി, കുന്നൂര്‍ എം.എല്‍.എ ശാന്തി രാമു, ആവിന്‍ ചെയര്‍മാന്‍ എ. മില്ലര്‍, എ.കെ ശെല്‍വരാജ്, അമ്പരേഷ്, നീലഗിരി എസ്.പി ഷണ്‍മുഖപ്രിയ, ഡി.ആര്‍.ഒ ശെല്‍വരാജ്, ഡി.എഫ്.ഒ സുമേഷ് സോമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."