ഈ 'മഹിമ' വെള്ളനാടിന്റെ മാത്രം മഹിമ
കാട്ടാക്കട: ഈ മഹിമ വെള്ളനാടിന്റെ മാത്രം മഹിമയാണ്. ചായക്കട തൊഴിലാളിയുടെ മകളായി ജനിച്ച് സ്വര്‍ണമെഡല്‍ നേടിയ മഹിമയ്ക്ക് ഇത്തരമൊരു വിശേഷണമാണ് ഉതകുക.
ഈ മെഡല്‍ വെള്ളനാട് എന്ന ഗ്രാമത്തിന് അഭിമാനവുമായി. ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് വെള്ളനാട് സ്വദേശി മഹിമ തിലകചാര്ത്തായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നാഗാര്‍ജുന സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന 30-ാം മത് ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഹൈജമ്പിലാണ് മഹിമ (അണ്ടര്‍-16) സ്വര്‍ണം നേടിയത്. കണ്ണമ്പള്ളി പമ്മത്തലവീട്ടില് ചായക്കട തൊഴിലാളിയായ മണിഭൂഷന്റെയും ശര്മിളകുമാരിയുടെയും ഇളയ മകളായ മഹിമ പാലക്കാട് കുമാരംപുത്തൂര്‍ കല്ലടി സ്പോര്‍ട്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുഞ്ഞുന്നാളിലേ സ്പോര്‍ട്സിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന മഹിമ നാട്ടിലെ നവോദയ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബിലൂടെയാണ് കായികരംഗത്ത് ചുവടുറപ്പിച്ചത്. പാലക്കാട് സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭിച്ചത് മഹിമയുടെ ജീവിതത്തിലെ വഴിത്തിരിവായി. 2016ല്‍ നടന്ന സ്റ്റേറ്റ് അമച്വര്‍ മീറ്റിലും, ഇന്റര്‍ക്ലാസ് മീറ്റിലും സ്വര്‍ണം നേടിയ മഹിമ അതേ വര്‍ഷം തെലങ്കാനയില്‍ നടന്ന നാഷനല്‍ സൗത്ത് സോണ്‍ അസോസിയേഷന് അത്ലറ്റിക്സ് മീറ്റിലും ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടി.
2017ല്‍ നടന്ന ദേശീയ സ്കൂള്‍ അത്ലറ്റിക്സ് മീറ്റിലും, മഹാരാഷ്ട്രയിലെ പുണയില്‍ നടന്ന ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ അത്ലറ്റിക്സ് മീറ്റിലും മഹിമ വെള്ളി മെഡല്‍ നേടിയിരുന്നു. നാടിന്റെ സ്വന്തം കായികതാരത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും നവോദയ സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."