വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നിര്‍മിച്ചു നല്‍കി കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഫ്രാന്‍സിസ്
ചാലക്കുടി: ഇരുളകറ്റി പ്രകാശം നിറയ്ക്കുന്ന നന്മയുടെ കാവല്‍ക്കാരുടെ സ്ഥാനമാണ് കെ.എസ്.ഇ.ബി.ജീവനക്കാര്‍ക്ക്. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മാതൃകയാവുകയാണ് കൂനംമൂച്ചി ഇലക്ട്രിക് സെക്ഷനിലെ ലൈന്‍മാനായ സി.ഡി ഫ്രാന്‍സിസ് എന്ന നാട്ടുകാരുടെ പ്രാഞ്ചി.
പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായുണ്ടാക്കിയ നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്ത് പ്രത്യാശയുടെ തിരിവെട്ടം പകര്‍ന്ന് നല്‍കുകയാണ് പ്രാഞ്ചി. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളില്‍ തുന്നികൂട്ടിയെടുത്ത മുന്നൂറ് പുസ്തകങ്ങള്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഞ്ചി നേരിട്ടെത്തി നല്‍കി.
മഴവെള്ളകെടുതി അനുഭവിക്കുന്നവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന ആഗ്രഹമാണ് നോട്ടുബുക്ക് നിര്‍മാണത്തിലെത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വീടിനടുത്തുള്ള പ്രസില്‍ ഒഴിവ് സമയങ്ങളില്‍ നോട്ട് പുസ്തകം ഉണ്ടാക്കിയിരുന്നവരുടെ സഹായിയായിട്ടുണ്ട് പ്രാഞ്ചി. ഇവിടെ നിന്നും ലഭിച്ച അറിവ് പ്രാഞ്ചിയെ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ നോട്ടുബുക്ക് നിര്‍മാണ മത്സരത്തില്‍ ഒന്നാമനാക്കി.
സ്‌കൂള്‍ കാലഘട്ടത്തില്‍ സ്വന്തമാക്കിയ കൈത്തൊഴില്‍ പൊടിതട്ടിയെടുത്തതോടെ നോട്ടുബുക്ക് നിര്‍മാണത്തിന് ആവേശവും ആത്മവിശ്വാസവുമായി. നിര്‍മാണത്തിനാവശ്യമായ പണം കണ്ടെത്തുകയായിരുന്നു അടുത്ത പ്രതിസന്ധി. ഇതിനും പ്രാഞ്ചി വഴികണ്ടെത്തി. ഊര്‍ജ്ജ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നി മേഖകളില്‍ പ്രാഞ്ചി ചെറുപ്പം മുതലേ സജീവമായിരുന്നു. ഈ മേഖലകളിലെ മികവിന് സംസ്ഥാന വകുപ്പിന്റേയും വൈദ്യുതി വകുപ്പിന്റേയും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ അവാര്‍ഡുകളില്‍ നിന്നും ലഭിച്ച പണത്തിന്റെ ഒരു വിഹിതം പുസ്തക നിര്‍മാണത്തിനായി മാറ്റിവച്ചു. ഇതിനിടെ സഹപ്രവര്‍ത്തകരും നല്ല മനസുകളും സഹായവും പ്രോത്സാഹനവുമായി ഒപ്പമെത്തി.
ദുരിതകയത്തില്‍ നിന്നും കരകയറാന്‍ തന്റെ പ്രവൃത്തി ഒരു തിരിവെട്ടമാകുമെന്നാണ് പ്രാഞ്ചിയുടെ പ്രതീക്ഷ. ഇനിയും ആവശ്യമെങ്കില്‍ പുസ്തകങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ പ്രാഞ്ചി തയാറാണ്. 160 പേജിന്റെ വരയിട്ട പുസ്തകങ്ങളാണ് വിതരണം ചെയ്തത്. വിപണിയില്‍ 30രൂപയോളം വരുന്ന പുസ്തകം നിര്‍മിക്കാന്‍ പ്രാഞ്ചിക്ക് ചെലവായത് 20രൂപയില്‍ താഴെയാണ്. സ്‌കൂളില്‍ വച്ച് നടത്തിയ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി അധ്യക്ഷനായി.
തൃശൂര്‍ ഇലട്രിക് സര്‍ക്കിള്‍ ഡെ.ചീഫ് എഞ്ചിനിയര്‍ പ്രസാദ് മാത്യു, പ്രധാനധ്യാപിക ശാലിനി ടീച്ചര്‍, റോസി ടീച്ചര്‍, ഉദയന്‍ മാസ്റ്റര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."