തമിഴ്‌നാട്ടിലെ വരള്‍ച്ചക്ക് കാരണം പശ്ചിമഘട്ടത്തിലെ വനനശീകരണം
മുംബൈ ഐ.ഐ.ടി
പഠന റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: പശ്ചിമഘട്ട മലനിരകളിലെ വന്‍തോതിലുള്ള വന നശീകരണമാണ് തമിഴ്‌നാട്ടിലെ വരള്‍ച്ചക്ക് കാരണമെന്ന് മുംബൈ ഐ.ഐ.ടിയുടെ പഠനം. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പഠനത്തിലാണ് തമിഴ്‌നാട്ടില്‍ വരള്‍ച്ചക്ക് ഇടയാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ ജിയോ ഫിസിക്കല്‍ യൂനിയന്റെ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. സുബിമാല്‍ ഘോഷിന്റെ നേതൃത്വത്തില്‍ മലയാളിയായ കെ. രാജേന്ദ്രന്‍ ഉള്‍പ്പെട്ട നാലംഗസംഘമാണ് പഠനം നടത്തിയത്.
തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴക്ക് കാരണമാകുന്നത് പശ്ചിമഘട്ടത്തില്‍ നിന്നുള്ള ഈര്‍പ്പമാണ്. 25 മുതല്‍ 40 ശതമാനം ഈര്‍പ്പം ഇത്തരത്തില്‍ പശ്ചിമഘട്ടത്തില്‍നിന്ന് തമിഴ്‌നാട്ടിലെത്തുന്നുണ്ടെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.
വേനല്‍ക്കാലത്ത് തമിഴ്‌നാട്ടില്‍ മഴ ലഭിക്കാന്‍ കാരണമാകുന്നത് പശ്ചിമഘട്ടത്തില്‍ നിന്നുള്ള 50 ശതമാനം വരെയുള്ള ഈര്‍പ്പം ഉപയോഗിച്ചാണ്. മണ്ണില്‍നിന്ന് വലിച്ചെടുക്കുന്ന ഈര്‍പ്പമാണ് മരങ്ങള്‍ അന്തരീക്ഷത്തിലേക്ക് നല്‍കുന്നത്. ഈ ഈര്‍പ്പം മേഘങ്ങള്‍ രൂപപ്പെടുന്നതിനും മഴക്കും കാരണമാകാറുണ്ട്.
പഠനമനുസരിച്ച് പശ്ചിമഘട്ടത്തിലെ വനങ്ങള്‍ തമിഴ്‌നാട്ടില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതിദിനം ഒരു മില്ലിമീറ്റര്‍ മഴയാണ് നല്‍കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇതു പ്രതിദിനം 3 മില്ലിമീറ്ററാണ്. പശ്ചിമഘട്ടത്തില്‍ വനങ്ങള്‍ നശിച്ചാല്‍ അത് തമിഴ്‌നാടിനെ സാരമായി ബാധിക്കും. പ്രത്യേകിച്ച് മഴക്കാല കമ്മി ഉള്ള വര്‍ഷങ്ങളിലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
1990 നും 2015 നും ഇടയില്‍ തെക്കുപടിഞ്ഞാറന്‍ മഴക്കാലത്ത് വന നശീകരണം മൂലം സംസ്ഥാനത്തൊട്ടാകെയുള്ള ഉപരിതല താപനിലയില്‍ 0.25 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവുണ്ടായതായി പഠനം കണ്ടെത്തി. മഴ ലഭിക്കാന്‍ പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗം തമിഴ്‌നാടിനും പടിഞ്ഞാറ് കേരളത്തിനും അനുകൂലമാണ്.
മഴയുള്ള സമയങ്ങളില്‍ വനഭൂമിയും സസ്യങ്ങളും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാന്‍ സഹായിച്ച് ഭൂഗര്‍ഭ ജലവിതാനം കൂട്ടുന്നു. മഴയില്ലാത്തപ്പോള്‍ ഈര്‍പ്പം പുറത്തുവിടുകയും ഇത് മഴക്ക് കാരണമാകുകയും ചെയ്യുന്നു. ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് പഠനം നടന്നത്. പശ്ചിമഘട്ടം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും പഠനത്തില്‍ പറയുന്നു.
മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് പശ്ചിമഘട്ടം കടന്നുപോകുന്നത്.
പശ്ചിമഘട്ടത്തില്‍ വന നശീകരണം എത്രയും വേഗം തടയാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നത് ജലചക്രം (വാട്ടര്‍ സൈക്കിള്‍) ശക്തിപ്പെടുത്തുമെന്നും അത് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും അനുകൂലമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."