ബിനോയ് പീഡനവും പ്രവാസിയുടെ മരണവും: ചര്‍ച്ചയാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍, സി.പി.എം നേതൃയോഗത്തിന് ഇന്നു തുടക്കം
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ലൈംഗിക പീഡന കേസും പ്രവാസിയുടെ മരണവും കത്തിനില്‍ക്കേ സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന നേതൃയോഗങ്ങളെങ്കിലും രണ്ടു വിവാദ വിഷയങ്ങളും പ്രധാന ചര്‍ച്ചയാകും. ഇന്ന് സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക.
പാര്‍ട്ടിയേയും സെക്രട്ടറിയേയും ആഴത്തില്‍ ഗ്രസിച്ച വിവാദം ചര്‍ച്ചയാക്കാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. മകനെതിരേയാണ് കേസെന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ നേതൃയോഗങ്ങളില്‍ പങ്കെടുക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണെന്ന് അറിയിച്ചിട്ടുമുണ്ട്. അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുമെന്നുതന്നെയാണ് ഇതുവരെയുള്ള സൂചന. ബിനോയിയുടെ കേസില്‍ ഒരു തീരുമാനമാകുംവരെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ കോടിയേരി തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും അറിയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതികൂടി വേണം.
ബിനോയിയുടെ പീഡന കേസില്‍ പാര്‍ട്ടി നേതൃത്വം ആശങ്കയിലാണ്. ദുബൈയില്‍ ബിനോയിക്കെതിരേയുണ്ടായ സാമ്പത്തികാരോപണ കേസും പാര്‍ട്ടിക്കു പേരുദോഷമുണ്ടാക്കി. ഏറെ പ്രയാസപ്പെട്ട് അത് തീര്‍പ്പാക്കിയതിനുപിന്നാലെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്.
പരാതിക്കാരിയായ ബിഹാര്‍ യുവതിയുമായി മകന് ബന്ധമുണ്ടെന്ന കാര്യം കോടിയേരിക്കും കുടുംബത്തിനും അറിയാമായിരുന്നെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ഇതോടെ മകന്‍ നിയമത്തിന്റെ മുന്നിലും പിതാവ് പാര്‍ട്ടിക്കുമുന്നിലും പ്രതിക്കൂട്ടിലാണ്.
തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കിടെ ഈ വിഷയം ഉയര്‍ന്നാല്‍ എന്തുമറുപടി പറയുമെന്ന ആശങ്കയിലാണ് കേന്ദ്ര നേതാക്കള്‍. കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നു കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര നേതാക്കളുടെ നിലപാടും പ്രധാനമാണ്. കഴിഞ്ഞ ദിവസം പാര്‍ട്ടി അവെയ്ലബിള്‍ പോളിറ്റ്ബ്യൂറോ യോഗം വിഷയം പരിഗണിച്ചെങ്കിലും ചര്‍ച്ച വേണ്ടെന്നുവച്ചിരുന്നു.
പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ പീഡന കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി അംഗങ്ങളില്‍ ചിലര്‍ യെച്ചൂരിക്കും ബൃന്ദാകാരാട്ടിനും സുഭാഷിണി അലിക്കും കത്ത് അയച്ചിട്ടുണ്ട്. പാര്‍ട്ടി അധികാരത്തിലിരിക്കേ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഒളിവില്‍ പോയത് ദോഷകരമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. കോടിയേരിയുടെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിലും വലിയൊരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.
വസ്തുത പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കോടിയേരി നിര്‍ബന്ധിതനാകും. കേസിന്റെ നിയമവശം കൂടി പരിശോധിച്ചശേഷം സെക്രട്ടറി മാറി നില്‍ക്കണോ എന്നകാര്യം തീരുമാനിക്കാമെന്നാണ് ധാരണ.
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ബൂത്ത് തലം വരെ പരിശോധിക്കാന്‍ ഈ മാസം ആദ്യം സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരിക്കും തോല്‍വിയുടെ കാരണവും, തിരുത്തല്‍ നടപടിയും തീരുമാനിക്കുക. തോല്‍വി പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെങ്കില്‍ അതും നേതൃയോഗം തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."